ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് മരണംവരെ കഠിനതടവ്. ഓട്ടോ ഡ്രൈവർമാരായ ലഖൻ വർമ, രാഹുൽ വർമ എന്നിവരെയാണ് ജീവിതാവസാനം വരെ ശിക്ഷിച്ചത്. ധൻബാദിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി.
ജൂലൈ 29ന് ധൻബാദ് ജില്ല കോടതിക്ക് സമീപം രൺധീർ വർമ ചൗക്കിൽ മജിസ്ട്രേറ്റ് കോളനിക്ക് സമീപത്തു വെച്ചാണ് ജസ്റ്റിസ് ഉത്തം ആനന്ദിനെ വാഹനം ഇടിച്ചത്. ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറും കൂട്ടാളിയും അറസ്റ്റിലായി. മണിക്കൂറുകൾക്ക് മുമ്പ് മോഷണം പോയ വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്.
കാലിയായി കിടക്കുന്ന റോഡിലുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ സംഭവം കൊലപാതകമാണെന്ന തരത്തിൽ സംശയങ്ങൾ ഉയർത്തിയിരുന്നു. പ്രഭാത നടത്തത്തിനിടെ ജഡ്ജിയുടെ സമീപത്തേക്ക് വന്ന വാഹനം പിന്നിൽ നിന്ന് ഇടിച്ചിടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് അപകടത്തിൽ ദുരൂഹതയുണ്ടെന്ന് തെളിഞ്ഞത്. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമീപത്ത് നിന്ന് ഒരാൾ വിഡിയോയിൽ പകർത്തിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ ഝാർഖണ്ഡ് ഹൈകോടതി സ്വമേധയാ കേസെടുത്തു. രാജ്യത്തെ ഞെട്ടിച്ച സംഭവം പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചത്. തുടർന്ന് കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ ഝാർഖണ്ഡ് സർക്കാർ തീരുമാനിക്കുകയായിരുന്നു.
സംഭവത്തിൽ പഥാർധി പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻചാർജ് ഉമേശ് മാഞ്ചിയെയാണ് കൃത്യവിലോപത്തിന് അന്വേഷണ വിധേയമായി സർവീസിൽ സസ്പെൻഡ് ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നാലെ സമയബന്ധിതമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.