ശ്രീനഗർ: ക്രിക്കറ്റ് കളിച്ചതിന് കശ്മീരിൽ 10 യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തി. കശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദിയുടെ പേരിൽ മൽസരം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് കരിനിയമം ചുമത്തിയത്. ഷോപിയാൻ ജില്ലയിലെ നാസനീൻ ഗ്രാമത്തിലാണ് മൽസരം നടന്നത്.
ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. പ്രാദേശികതലത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻറിൽ കശ്മീരിൽ കൊല്ലപ്പെട്ട സയീദ് റുബൻെറ സഹോദരൻ സയീദ് താജുമുലും പങ്കെടുത്തിരുന്നു. ഇതേതുടർന്നാണ് ക്രിക്കറ്റ് കളിയിൽ യു.എ.പി.എ ചുമത്തി കേസെടുത്തത്. സഹോദരൻെറ ഓർമക്കായി ടീ ഷർട്ടുകൾ വിതരണം ചെയ്യാനായിരുന്നു താജുമൂലത്തിൻെറ പദ്ധതിയെന്ന് അദ്ദേഹത്തിൻെറ പിതാവ് മുഹമ്മദ് ഹുസൈൻ പറഞ്ഞു. നാസനീപോര ഗ്രാമത്തിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായ റുബാൻ, അൽ ബാദർ എന്ന തീവ്രവാദി സംഘടനയിൽ ചേരുകയും പിന്നീട് ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.
മൽസരം നടന്നതിന് പിന്നാലെ സഹോദരൻെറ ഓർമക്കായി ടീ-ഷർട്ടുകൾ വിതരണം ചെയ്ത വിവരം താജുമുൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് യുവാക്കളെത്തിയാൽ മയക്കുമരുന്ന് പോലുള്ള പല സമൂഹ വിപത്തുകളിൽ നിന്നും അവരെ പിന്തിരിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 27 ദിവങ്ങൾക്ക് ശേഷം മൽസരത്തിനുണ്ടായിരുന്ന എല്ലാവർക്കെതിരെയും യു.എ.പി.എ ചുമത്തുകയായിരുന്നു. കശ്മീർ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തെങ്കിലും കേസ് സംബന്ധിച്ച ഒരു വിവരവും ഇവരുടെ ബന്ധുക്കൾക്ക് കൈമാറിയിട്ടില്ല. എഫ്.ഐ.ആറിൻെറ കോപ്പി പോലും ബന്ധുക്കൾക്ക് നൽകാതെയാണ് യുവാക്കളെ കരിനിയമം ചുമത്തി ജയിലിലിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.