രാജ്യത്തിനായി കിരീടം നേടിയ താരങ്ങളുടെ കണ്ണീർ കാണേണ്ടി വന്നത് വേദനയുളവാക്കുന്നു; അവർക്ക് നീതി ലഭ്യമാക്കണം -പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: ജന്തർ മന്തിറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിലുണ്ടായ പൊലീസ് അതിക്രമം സംബന്ധിച്ച് മാധ്യമങ്ങളോട് വിവരിക്കവെ പൊട്ടിക്കരഞ്ഞ താരങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

‘കഠിനാധ്വാനവും ആത്മ സമർപ്പണവും ​കൊണ്ട് രാജ്യത്തിന് വേണ്ടി കിരീടം നേടിയ വനിതാ കായിക താരങ്ങളുടെ കണ്ണീര് കാണേണ്ടി വന്നത് വേദനയുളവാക്കുന്നു. അവരെ കേൾക്കണം. അവർക്ക് നീതി ലഭ്യമാക്കണം’ - പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

താരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരണിഞ്ഞ് നൽകിയ വാർത്താസമ്മേളനത്തിന്റെ വിഡിയോയും പ്രിയങ്ക ട്വീററിൽ ഉൾപ്പെടുത്തിയിരുന്നു.

റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റിനെതിരെ ജന്തര്‍മന്തിറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമര വേദിയിലാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമമുണ്ടായത്. മദ്യപിച്ചെത്തിയ പൊലീസ് ഗുസ്തി താരങ്ങളിൽ ചിലരെ മര്‍ദിക്കുകയും വനിതാ താരങ്ങളോട് മോശമായി പെരുമാറുകയും ചെയ്തെന്ന് സമരക്കാർ ആരോപിച്ചു. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് കണ്ണീരോടെ പറഞ്ഞു.

‘ഞങ്ങള്‍ രാജ്യത്തിനായി മെഡലുകള്‍ നേടിയത് ഇതൊക്കെ കാണാനാണോ? പൊലീസ് എല്ലാവരെയും ഉന്തുകയും തള്ളുകയും ചെയ്തു. ക്രിമിനലുകളോടെന്ന പോലെയാണ് പൊലീസ് ഞങ്ങളോട് പെരുമാറിയത്. എന്നെ പുരുഷ ​പൊലീസുകാർ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. ഇതെല്ലാം നടക്കുമ്പോൾ വനിതാ പൊലീസുകാർ എവിടെയായിരുന്നു? -ഫോഗട്ട് ചോദിച്ചു.

എന്റെ മെഡലുകളെല്ലാം തിരിച്ചെടുക്കാൻ ഞാൻ സർക്കാറിനോട് അഭ്യർഥിക്കുന്നുവെന്നാണ് ലോക റസ്‍ലിങ് ചാമ്പ്യൻഷിപ്പിൽ നാലു മെഡലുകൾ നേടിയ ബജ്റംഗ് പൂനിയ വികാരധീനനായി പറഞ്ഞത്.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ഏപ്രിൽ 23നാണ് ജന്തർമന്തിറിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ട് പൊലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു സമരം.

Tags:    
News Summary - justice should be given to the Wrestling sportspersons -Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.