ഭോപ്പാൽ: 15 മാസം നീണ്ട ഭരണത്തിനൊടുവിൽ മധ്യപ്രദേശിൽ കമൽനാഥിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജി വെ ച്ചു. സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി കമൽ നാഥ് രാജി പ്രഖ്യാപിച്ചത്. ഉച്ചയോടെ കമൽനാഥ് ഗവർണർക്ക് രാജിക്കത്ത് കൈമാറി.
രാജാവിനേയും മറ്റ് 22 എം.എൽ.എ മാരേയും കൂട്ടി ബി.ജെ.പി മധ്യപ്രദേശ് സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. 15 മാസത്തെ ഭരണം കൊണ്ട് ജനങ്ങൾ ക്കായി കുറേ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. 20 ലക്ഷം കർഷകർക്ക് വായ്പയിൽ ഇളവ് നൽകി. യുവാക്കൾക്ക് തൊഴിൽ നൽകാൻ പ്രത്യേക പദ്ധതി ആരംഭിച്ചു. വൈദ്യുതി നിരക്കിളവിൻെറ ആനുകൂല്യം ഒരു കോടി ആളുകൾക്ക് ലഭിച്ചുവെന്നും കമൽനാഥ് പറഞ്ഞു. 2018ൽ കോൺഗ്രസിനാണ് മധ്യപ്രദേശ് ഭരിക്കാനുള്ള അനുവാദം ജനങ്ങൾ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. ഇദ്ദേഹത്തോടൊപ്പമുള്ള 22 എം.എൽ.എമാരെ ബംഗളൂരുവിലേക്ക് മാറ്റിയതോടെ കമൽനാഥ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമായി. തുടർന്ന് ബജറ്റ് സമ്മേളനം തുടങ്ങിയ മാർച്ച് 16നു തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. കോവിഡ് പടരുന്നത് ചൂണ്ടിക്കാട്ടി നിയമസഭ മാർച്ച് 26 വരെ സ്പീക്കർ എൻ.പി പ്രജാപതി നിർത്തിവെച്ചതിനാൽ വിശ്വാസ വോട്ടെടുപ്പ് നടന്നില്ല.
മാർച്ച് 16ന് വിശ്വാസവോട്ട് തേടണമെന്നാവശ്യപ്പെട്ട് ശനിയാഴ്ചയും ചൊവ്വാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകീട്ടുമാണ് ഗവർണർ കത്തുകൾ നൽകിയത്. ഉടൻ വിശ്വാസവോട്ട് തേടണമെന്ന ഗവർണർ ലാൽജി ടണ്ഡെൻറ നിർദേശം സ്പീക്കർ നിരസിക്കുകയായിരുന്നു.
തുടർന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാനും ഒമ്പത് ബി.ജെ.പി എം.എൽ.എമാരും പ്രതിപക്ഷ നേതാവും എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹരജിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി തീർപ്പ്.
രാജിസന്നദ്ധത അറിയിച്ച 16 വിമത എം.എൽ.എമാരുടെ രാജി വെള്ളിയാഴ്ച സ്പീക്കർ സ്വീകരിക്കുകയും ചെയ്തു. കമൽനാഥ് സർക്കാറിൽ മന്ത്രിമാരായ ആറു പേരുടെ രാജി സ്പീക്കർ നേരത്തെ സ്വീകരിച്ചിരുന്നു. ഇതോടെ രാജിവെച്ച എം.എൽ.എമാരുടെ എണ്ണം 22 ആയി. വിമത എം.എൽ.എമാരുടെ രാജി കൂടി സ്വീകരിച്ചതോടെ കമൽ നാഥ് സർക്കാറിനുള്ള പിന്തുണ 108ൽ നിന്ന് 92 ആയി കുറയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.