ബംഗളൂരു: കർണാടക നിയമസഭയുടെ അവസാന സമ്മേളനം കഴിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ദക്ഷിണേന്ത്യയിലെ സംഘ്പരിവാറിന്റെ പരീക്ഷണശാലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കർണാടകയിൽ ഏപ്രിലിലോ മേയിലോ ആകും തെരഞ്ഞെടുപ്പ്. അഴിമതിയടക്കമുള്ള വ്യാപക ആരോപണങ്ങളാൽ ഉഴലുമ്പോഴും ഭരണം നിലനിർത്താൻ സർവസന്നാഹങ്ങളുമായി ബി.ജെ.പി കളത്തിലിറങ്ങിക്കഴിഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് വൻ സ്വീകരണം ലഭിച്ച സംസ്ഥാനത്ത് എന്തുവിലകൊടുത്തും ഭരണം തിരിച്ചുപിടിക്കാനുള്ള ഊർജിത ശ്രമത്തിലാണ് കോൺഗ്രസ്. നിലവിൽ സംഘ്വിരുദ്ധ നിലപാടുമായി സജീവ പ്രചാരണം നടത്തുന്ന ദേവഗൗഡയുടെ ജനതാദൾ-എസ് തെരഞ്ഞെടുപ്പിനുശേഷം എന്തു നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം.
2019ലാണ് ഓപറേഷൻ താമരയിലൂടെ കോൺഗ്രസ് -ജെ.ഡി.എസ് സർക്കാറിനെ വീഴ്ത്തി ബി.ജെ.പി അധികാരത്തിലെത്തിയത്. ഹിന്ദുത്വതന്നെയാണ് ഭരണകക്ഷിയുടെ മുഖ്യ പ്രചാരണ വിഷയം. വികസന കാര്യങ്ങളല്ല, ലവ് ജിഹാദ് പോലുള്ള വിഷയങ്ങളാണ് ചർച്ചയാക്കേണ്ടതെന്ന് സംസ്ഥാന അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ തന്നെയാണ് അടുത്തിടെ പറഞ്ഞത്. അയോധ്യ മാതൃകയിൽ സംസ്ഥാനത്ത് രാമക്ഷേത്രം നിർമിക്കുന്നത് സർക്കാർ നയമായിത്തന്നെ ബജറ്റിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. യു.പി മാതൃകയിൽ കർണാടകയുടെ നാല് ഭാഗങ്ങളിൽനിന്ന് നാല് രഥയാത്രകളാണ് നടത്താനിരിക്കുന്നത്. ചാമരാജ്നഗറിൽനിന്നുള്ള യാത്ര മാർച്ച് ഒന്നിന് ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയും രണ്ടിന് ബെളഗാവിയിലെ നന്ദഗഢിൽ നിന്ന് രണ്ടാം യാത്ര കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഫ്ലാഗ് ഓഫ് ചെയ്യും. മാർച്ച് മൂന്നിന് ബംഗളൂരുവിൽനിന്നും ബിദറിൽ നിന്നും തുടങ്ങുന്ന രണ്ട് യാത്രകൾ ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഉദ്ഘാടനം ചെയ്യുക. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചെറിയ പദ്ധതികളുടെ ഉദ്ഘാടനത്തിനുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് എത്തുന്നുമുണ്ട്.
അതേസമയം, പുതുമയുള്ളതും ശക്തവുമായ പ്രചാരണമാണ് സർക്കാറിനെതിരെ കോൺഗ്രസ് നടത്തുന്നത്. ‘40 ശതമാനം കമീഷൻ’ സർക്കാറാണ് ഭരിക്കുന്നതെന്ന ‘പേ സി.എം’ കാമ്പയിൻ പോലുള്ളവയിൽ ബി.ജെ.പി വൻ പ്രതിരോധത്തിലാണ്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയുടെ അടുത്ത അനുയായിയും സംസ്ഥാനത്തെ 17 ശതമാനം വരുന്ന ലിംഗായത്ത് സമുദായത്തിന്റെ പ്രധാന നേതാവുമായ എച്ച്.ഡി. തിമ്മയ്യ, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അനുയായി കെ.എസ്. കിരൺകുമാർ, ബി.ജെ.പി മുൻ എം.എൽ.സി സന്ദേശ് നാഗരാജ് എന്നിവരെ പാർട്ടിയിൽ എത്തിച്ച് കോൺഗ്രസ് ഞെട്ടിച്ചിട്ടുണ്ട്. ജെ.ഡി.എസിന്റെ തുമകുരു റൂറൽ മുൻ എം.എൽ.എ എച്ച്. നിംഗപ്പയും കോൺഗ്രസിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ മിടുക്കാണ് ഇതിനു പിന്നിൽ. വിവിധ ജാഥകൾക്ക് പുറമേ വാതിൽപ്പടി കാമ്പയിൻ നടത്തി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് ഉറപ്പുനൽകുന്ന കാർഡുകൾ വിതരണം ചെയ്യുകയാണ് കോൺഗ്രസ്. എന്നാൽ, ഡി.കെ. ശിവകുമാറും പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തമ്മിലുള്ള പോര് പാർട്ടിക്ക് തലവേദനയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.