ബംഗളൂരു: കർണാടകയിലെ സഖ്യസർക്കാറിലെ വിമത കോൺഗ്രസ് എം.എൽ.എ മാരെ അനുനയിപ്പിക്കുന്നതിനായി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന നിർദേശത്തിൽ സമവായമായില്ല.
മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന ് ഒരു വിഭാഗം കോൺഗ്രസ് എം.എൽ.എമാരും നേതാക്കളും നിർദേശിച്ചപ്പോൾ സിദ്ധ രാമയ്യ ഉൾപ്പെടെയുള്ളവർ നിലവിലെ ഒഴിവ് നികത്തിയുള്ള വിപുലീകര ണം മതിയെന്ന നിലപാട് എടുത്തതോടെയാണ് പ്രശ്ന പരിഹാരം നീണ്ടുപോയത്. ഇതേ തുടർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈകമാൻഡിന് വിട്ടു. മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും. എന്നാൽ, മന്ത്രിസഭ വിപുലീകരണം നടത്തി അതൃപ്തർക്ക് ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങൾ നൽകാനാണ് കോൺഗ്രസ് ശ്രമം.
കഴിഞ്ഞദിവസത്തെ ചർച്ചകളിൽ പ്രശ്നപരിഹാരമാവാത്തതിനാൽ വ്യാഴാഴ്ച രാവിലെ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ വസതിയിൽ കെ.സി. വേണുഗോപാലിെൻറയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ നേതാക്കൾ ചർച്ച നടത്തി. ഈ ‘ബ്രേക്ക് ഫാസ്റ്റ്’ ചർച്ചയിലും അന്തിമ തീരുമാനമുണ്ടായില്ല. മന്ത്രിസഭ പുനഃസംഘടിപ്പിക്കണോ വിപുലീകരണം മാത്രം മതിയോ എന്ന കാര്യത്തിൽ ഹൈകമാൻഡിെൻറ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകാമെന്നാണ് എം.എൽ.എമാർ അറിയിച്ചിരിക്കുന്നതെന്ന് യോഗശേഷം കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനമാണ് ഒഴിവുള്ളത്. അതിനാൽ കൂടുതൽ എം.എൽ.എമാരെ മന്ത്രിയാക്കുന്നതിൽ പരിമിതിയുണ്ട്. ചിലരെ ബോർഡ്, കോർപറേഷൻ ചെയർമാൻമാരായി നിയമിക്കുമെന്നും ബി.ജെ.പിയുടെ നീക്കത്തിനെതിരെ കോൺഗ്രസ് എം.എൽ.എമാർ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നടത്തിയ കൂടിക്കാഴ്ചയിൽ കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചചെയ്തു.
കോൺഗ്രസും ജെ.ഡി.എസും ഒറ്റക്കെട്ടാണെന്നും സഖ്യസർക്കാറിെൻറ പ്രവർത്തനം നല്ലരീതിയിലാണെന്നും കുമാരസ്വാമി അറിയിച്ചു. നിലവിൽ ഒഴിവുള്ള കോൺഗ്രസിെൻറ ഒന്നും ജെ.ഡി.എസിെൻറ രണ്ടും മന്ത്രിസ്ഥാനം നികത്താനാണ് നീക്കം.
എന്നാൽ, അപ്പോഴും വിമതരെ അനുനയിപ്പിക്കുക എന്നത് വെല്ലുവിളിയാകും. വിമത എം.എൽ.എ രമേശ് ജാർക്കിഹോളിയെ അനുനയിപ്പിക്കാൻ ജെ.ഡി.എസിെൻറ ഒഴിവുള്ള ഒരു മന്ത്രിസ്ഥാനം വിട്ടുനൽകാൻ കുമാരസ്വാമി തയാറായിട്ടുണ്ട്.
പുനഃസംഘടന നടന്നാൽ ജെ.ഡി.എസിലെ മന്ത്രിമാരായ എം.സി. മനഗൊളി, എസ്.ആർ. മഹേഷ്, സി.എസ്. പുട്ടരാജു എന്നിവരെ മാറ്റി പകരം മറ്റുള്ളവർക്ക് അവസരം നൽകും.
പ്രശ്ന പരിഹാരമായി മന്ത്രിസ്ഥാനം വിട്ടുനൽകാമെന്ന് നഗര വികസന മന്ത്രി യു.ടി. ഖാദർ അറിയിച്ചു. സമീർ അഹമ്മദ് ഖാൻ, ജയമാല, കൃഷ്ണബൈര ഗൗഡ, പ്രിയങ്ക് ഖാർഗെ എന്നിവരും മാറിനിൽക്കാൻ സന്നദ്ധമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.