റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകുമെന്ന് കർണാടക

ബം​ഗളൂരു: സർക്കാർ സർവീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകുമെന്ന് കർണാടക. ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കാത്തത് വ്യക്തികളുടെ അവകാശങ്ങൾ ഹനിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ പറഞ്ഞു. ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന സർക്കാർ സർവീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് വി​ദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് “സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2021 ഡിസംബറിൽ ഉഡുപ്പിയിലെ സ്വകാര്യ കോളേജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് പെൺകുട്ടികളെ ക്ലാസുകളിൽ നിന്ന് തടഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുന്നത്. പെൺകുട്ടികൾ കോളേജിൽ പ്രതിഷേധ പ്രകടനം നടത്തുകയും വൈകാതെ ഇത്തരം പ്രകടനങ്ങൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. കർണാടക ഹൈകോടതി ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്നീട് ശരിവെക്കുകയായിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന് അത്യന്താപേക്ഷിതമല്ലെന്നായിരുന്നു കോടതിയുടെ പരാമർശം. ഈ വിധിയെ ചോദ്യം ചെയ്ത് പെൺകുട്ടികൾ രം​ഗത്തെത്തിയതോടെ ഭിന്നാഭിപ്രായങ്ങളായിരുന്നു കോടതി മുന്നോട്ടു വെച്ചത്. സംഭവം ചീഫ് ജസ്റ്റിസിൻ്റെ പരി​ഗണനക്കയക്കുമെന്നും പുതിയ ബെഞ്ച് രൂപീകരിക്കുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ പുതിയ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല.

മേയിൽ സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ നിരോധനം പിൻവലിക്കുമെന്ന് പാർട്ടിയുടെ ഏക മുസ്ലീം വനിതാ എം.എൽ.എ കനീസ് ഫാത്തിമ പറഞ്ഞിരുന്നു.

Tags:    
News Summary - Karnataka to revoke hijab ban for recruitment exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.