ജമ്മു: സുരക്ഷാസേനക്കു നേരെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് 2008-2017 കാലത്ത് രജിസ്റ്റർ ചെയ്ത 1745 കേസുകളിലുൾപ്പെട്ട 9730 പേരെ കുറ്റമുക്തരാക്കാൻ സർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി അറിയിച്ചു. ഇൗ വിഷയം പഠിക്കാൻ നിയോഗിച്ച കമീഷെൻറ ശിപാർശയുടെ അടിസ്ഥാനത്തിൽ ചില നിബന്ധനകളോടെയാണ് നടപടി. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കല്ലേറ് കേസുകളിൽ പ്രതികളായ 4000ത്തിലേറെ പേർക്ക് മാപ്പുനൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. എന്നാൽ, കുറ്റമുക്തരാകുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയില്ല.
2016 ജൂലൈയിൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് കശ്മീരിൽ സൈന്യവും ജനങ്ങളും ഏറ്റുമുട്ടിയത്. അന്ന് 85 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് സുരക്ഷാസേനക്കുനേരെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് 2016-17 കാലത്ത് 3773 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 11,290 പേരാണ് അറസ്റ്റിലായത്.
ശ്രീനഗറിലാണ് കൂടുതൽ പേർ പിടിയിലായത് -2330. ബാരാമുല്ല -2046, പുൽവാമ -1385, കുപ്വാര -1123, അനന്ദ്നാഗ് -1118, ബുദ്ഗാം -783, ഗന്ദർബാൽ -714, ഷോപിയാൻ -694, ബന്ദിപോര -548, കുൽഗാം -547 എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിൽ അറസ്റ്റിലായവർ. 233 പേരെ പിടികൂടാനായില്ല.
1692 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 1841 കേസുകൾ അന്വേഷണ ഘട്ടത്തിലാണ്. ഏഴു കേസുകൾ സ്വീകരിച്ചില്ല. അറസ്റ്റിലായവരിൽ 56 സർക്കാർ ജീവനക്കാരും 16 ഹുർറിയത് കോൺഫറൻസ് പ്രവർത്തകരുമുണ്ട്. എന്നാൽ, 4074 പേർ ഏതെങ്കിലും വിഘടനവാദ-തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവരല്ലെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.