ബംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ) ഉത്തരവിനെതിരെ കർണാടകയിൽ രോഷം പുകയുന്നു. വിവിധ കന്നട അനുകൂല-കർഷക സംഘടനകൾ സെപ്റ്റംബർ 29ന് സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനംചെയ്തു. തീവ്ര കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാൽപക്ഷ നേതാവും മുൻ എം.എൽ.എയുമായ വാട്ടാൽ നാഗരാജാണ് സമരത്തിന് ആഹ്വാനംചെയ്തത്.
കർണാടക ജലസംരക്ഷണ കമ്മിറ്റിയുടെയും ബി.ജെ.പി, ജെ.ഡി.എസ്, ആം ആദ്മി പാർട്ടികളുടെയും പിന്തുണയുണ്ട്. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്നും ദേശീയ പാതയിൽ ഉൾപ്പെടെ ഗതാഗതം സ്തംഭിപ്പിക്കുമെന്നും ചലാവലി വാട്ടാൽപക്ഷ അറിയിച്ചു. ഒല, ഉബർ വെബ്ടാക്സി ഡ്രൈവർമാരുടെയും റസ്റ്റാറന്റ് ഉടമകളുടെയും പിന്തുണ ബന്ദിനുണ്ട്. വിവിധ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാൽ പൊതു ഗതാഗതമടക്കം സ്തംഭിക്കും. എന്നാൽ, നമ്മ മെട്രോ പതിവുപോെല സർവിസ് നടത്തും. അതേസമയം, ചൊവ്വാഴ്ച നടത്തിയ ബംഗളൂരു ബന്ദ് പൂർണമായിരുന്നു. സമരം ജനജീവിതത്തെ കാര്യമായി ബാധിച്ചു.
അതിനിടെ കർണാടക, തമിഴ്നാടിന് നൽകേണ്ട കാവേരി വെള്ളത്തിന്റെ അളവ് 5000 ഘനയടിയിൽനിന്ന് 3000 ഘനയടിയായി കുറച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ 28ന് രാവിലെ എട്ടുമുതൽ ഒക്ടോബർ 15 വരെയാണ് തമിഴ്നാടിന് വെള്ളം നൽകേണ്ടത്. എന്നാൽ, ഇത്തവണ തമിഴ്നാടിന് മതിയായ അളവിൽ മഴ കിട്ടിയെന്നും തങ്ങൾക്ക് കിട്ടിയില്ലെന്നും വരൾച്ചഭീഷണിയുള്ളതിനാൽ ജലം നൽകാൻ കഴിയില്ലെന്നുമാണ് കർണാടക നിലപാട്.
161 താലൂക്കുകൾ വരൾച്ചബാധിതമായും 34 താലൂക്കുകൾ വരൾച്ച ഭീഷണിനേരിടുന്നവയായും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് അണക്കെട്ടുകളിലെയും ജലനിരപ്പ് 53.04 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, കാർഷിക ജലസേചനത്തിന് നൽകേണ്ട വെള്ളംപോലും കർണാടക തങ്ങൾക്ക് കൃത്യമായി നൽകുന്നില്ലെന്നാണ് തമിഴ്നാടിന്റെ ആരോപണം. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.