പ്രയാഗ് രാജ്: മഥുര ഷാഹി ഈദ്ഗാഹ് വിഷയത്തിൽ ഹിന്ദു പക്ഷം സമർപ്പിച്ച എല്ലാ കേസുകളും ഒന്നായി പരിഗണിക്കാനുള്ള ജനുവരി 11ലെ വിധി പിൻവലിക്കാനാവശ്യപ്പെട്ട് നൽകിയ ഹരജി അലഹാബാദ് ഹൈകോടതി തള്ളി. വിഷയം പ്രാഥമിക ഘട്ടത്തിലായതിനാൽ തെളിവുകൾ ശേഖരിക്കുകയും വിഷയം ക്രോഡീകരിക്കുകയും ചെയ്യുംമുമ്പ് കേസുകൾ ഒന്നായി കണക്കാക്കാനാകില്ലെന്നും നടപടി പിൻവലിക്കണമെന്നും മുസ്ലിം പക്ഷത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ തസ്നീം അഹ്മദി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വസ്തുവും പ്രതിഭാഗവും ഒന്നായതിനാൽ ഏകമായി പരിഗണിക്കുന്നത് കോടതിയുടെ പരിധിയിൽ പെട്ട വിഷയമാണെന്നും കോടതി നടപടികൾ വൈകിപ്പിക്കലാണ് പരാതിക്കാരുടെ ലക്ഷ്യമെന്നും ഹിന്ദുപക്ഷം വാദിച്ചു. മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ് സ്ഥാപിച്ചത് കൃഷ്ണന്റെ ജന്മസ്ഥലത്താണെന്നും അതിനാൽ പൊളിച്ചുനീക്കണമെന്നുമാണ് കേസുകളിലെ ആവശ്യം.
തുടക്കത്തിൽ മഥുരയിലെ സിവിൽ കോടതി പരിഗണിച്ച കേസുകൾ 2023 മേയിലാണ് ഹൈകോടതിയിലേക്ക് മാറ്റിയത്. ഇതിനു പിന്നാലെ കേസുകൾ ഒന്നായി പരിഗണിക്കാനാവശ്യപ്പെട്ട് ഹിന്ദു പക്ഷം കോടതിയിലെത്തി. നീതിയുടെ താൽപര്യത്തിന് ഒന്നായി പരിഗണിക്കലാണ് ഉത്തമമെന്ന് വ്യക്തമാക്കി 15 കേസുകളാണ് ഹൈകോടതി ഒന്നിച്ചുപരിഗണിക്കുമെന്ന് വിധിച്ചത്.
സമാന സ്വഭാവമുള്ള മൂന്നു കേസുകൾ കൂടിയുള്ളതിൽ രണ്ടെണ്ണം മറ്റുള്ളവക്കൊപ്പം ഒന്നായി ചേർക്കണോ എന്നത് പിന്നീട് പരിഗണിക്കും. നവംബർ ആറിന് വീണ്ടും വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.