ന്യൂഡൽഹി: ചാരവൃത്തിയുടെ പേരിൽ വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താൻ ജയിലിൽ കഴിയുന്ന മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ (47) കാണാൻ മാതാവിനും ഭാര്യക്കും അവസരം നൽകിയ രീതിയിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. രണ്ടു ഭരണകൂടങ്ങളും മുൻകൂട്ടിയുണ്ടാക്കിയ ധാരണ ലംഘിക്കുകയും അവമതിക്കുകയും ചെയ്തുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
ക്രിസ്മസ് ദിനത്തിലാണ് ഇസ്ലാമാബാദിലെ വിദേശകാര്യാലയത്തിൽ മാതാവ് അവന്തി ജാദവ്, ഭാര്യ ചേതൻകുൾ എന്നിവർക്ക് ജാദവിനെ കാണാൻ പാക് അധികൃതർ അവസരം ഒരുക്കിയത്. എന്നാൽ, ഒരു ചില്ലുമറക്ക് ഇരുവശവും ഇരുത്തി, ഇൻറർകോമിലൂടെ സംസാരിക്കാൻ മാത്രമാണ് അനുവദിച്ചത്. കൈ തൊടാൻപോലും അവസരമില്ലാതെ ഇത്തരത്തിൽ 45 മിനിറ്റ് കൂടിക്കാഴ്ചയാണ് നടന്നത്.
ഇത്തരമൊരു കൂടിക്കാഴ്ച അനുവദിച്ചത് ശരിക്കുപറഞ്ഞാൽ മാനസികമായി പീഡിപ്പിക്കുന്ന ഒന്നായി മാറുകയാണ് ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ കുറ്റപ്പെടുത്തി. പാക് അധികൃതർ മോശം രീതിയിൽ പെരുമാറി. ഇരുവരും വേഷം മാറ്റാൻ നിർബന്ധിതരായി. മാതൃഭാഷയായ മറാത്തിയിൽ സംസാരിക്കാൻ മാതാവിനെ അനുവദിച്ചില്ല. ഭാര്യ താലിയും കമ്മലും ഉൗരേണ്ടി വന്നു. പൊട്ട് മാറ്റേണ്ടി വന്നു. സുരക്ഷയുടെ പേരിൽ സാംസ്കാരികവും മതപരവുമായ വൈകാരികതകളെ കുത്തിനോവിച്ചു. ഭാര്യയുടെ ചെരിപ്പ് തിരിച്ചുകൊടുത്തില്ല.
ഇസ്ലാമാബാദിൽനിന്ന് ഡൽഹിയിൽ മടങ്ങിയെത്തിയ ഭാര്യയും മാതാവും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സഹമന്ത്രിമാരായ എം.ജെ. അക്ബർ, വി.കെ. സിങ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിെൻറ വിശദീകരണം. രണ്ടു രാജ്യങ്ങളുമായി ഉണ്ടാക്കിയ പരസ്പര ധാരണ ഇൗ കൂടിക്കാഴ്ചയിൽ ലംഘിച്ചുവെന്ന് രവീഷ്കുമാർ വിശദീകരിച്ചു. എന്നാൽ, പാകിസ്താൻ കാണിച്ച വലിയൊരു അനുകമ്പയാണ് കൂടിക്കാഴ്ചക്കുള്ള അനുമതിയെന്ന് പാക് വിദേശകാര്യാലയം അഭിപ്രായപ്പെട്ടു.
ഭാര്യയും മാതാവുമായി കൂടിക്കാഴ്ചക്ക് അവസരം നൽകിയതിന് പാക് അധികൃതർക്ക് ജാദവ് നന്ദിപറയുന്ന വിഡിയോവും പാകിസ്താൻ പുറത്തുവിട്ടു. എന്നാൽ, ഇൗ വിഡിയോപോലും ജാദവിെൻറ ദുഃസ്ഥിതി വ്യക്തമാക്കുന്നുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു. വലിയൊരു സംഘർഷത്തിലാണെന്ന് അദ്ദേഹത്തിെൻറ മുഖം വ്യക്തമാക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.