കാസർകോട്ടെ പേരുമാറ്റൽ വിവാദം; ദുരൂഹതയുണ്ടെന്ന് കുമാരസ്വാമി

ബംഗളൂരു: കാസർകോട്ടെ അതിർത്തി പ്രദേശത്തെ കന്നട സ്ഥലപേരുകൾ മലയാളത്തിലേക്ക് മാറ്റുകയാണെന്ന പ്രചരണത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ജെ.ഡി.എസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. പേരുമാറ്റൽ വിവാദമുണ്ടായപ്പോൾ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരസ്വാമി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ, അത്തരമൊരു തീരുമാനം ഇല്ലെന്ന് കേരളം വ്യക്തമാക്കിയ സാഹചര്യത്തിലാണ് കുമാരസ്വാമി നിലപാട് മാറ്റിയത്.

കാസർകോട്ടെ അതിർത്തി ഗ്രാമങ്ങളിലെ കന്നട പേരുകൾ മലയാളത്തിലേക്ക് മാറ്റുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് കാസർകോട് എം.എൽ.എയും ജില്ല ഭരണകൂടവും അറിയിച്ചിരിക്കുന്നതെന്നും ഇത്തരമൊരു വിശദീകരണം ആശ്വാസകരമാണെന്നും കുമാരസ്വാമി പറഞ്ഞു. ഭാഷാപരമായ ഐക്യത്തിൽ കേരളവും കർണാടകവും പരസ്പരം സഹവർത്തിത്വം പുലർത്തുന്നവരാണ്. എന്നിട്ടും ഇത്തരത്തിലുള്ള പേരുമാറ്റൽ വിവാദം എങ്ങനെ വന്നുവെന്നത് കണ്ടെത്തേണ്ടതുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ഐക്യം തർക്കാനുള്ള ഇത്തരം ഗൂഡ നീക്കങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

ഇതിനിടെ, പേരുമാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഗ്രാമങ്ങളുടെ പേരുകൾ അവിടത്തെ ജനങ്ങളുടെ താൽപര്യം കണക്കിലെടുക്കാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മാറ്റാൻ ശ്രമിക്കുകയാണെന്നും ഇത് പ്രദേശത്ത് കാലങ്ങളായി നിലനിൽക്കുന്ന കന്നട-തുളു സംസ്കാരവും ജനങ്ങൾക്കിടയിലെ ഐക്യവും തർക്കുമെന്നും യെദിയൂരപ്പ കത്തിൽ പറഞ്ഞു.

ജനങ്ങളുടെ വികാരം വൃണപ്പെടുത്തുന്ന തീരുമാനം പിൻവലിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദേശം നൽകണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു. കന്നട സാംസ്കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി, മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ, വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ തുടങ്ങിയവരും പേരുമാറ്റാനുള്ള നീക്കമുണ്ടെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Kumaraswamy says there is a mystery in renaming controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.