നോട്ടു നിരോധനം: പ്രധാനമന്ത്രിയുടെ വിശദീകരണം തേടാന്‍ അധികാരമുണ്ടെന്ന് കെ.വി. തോമസ്

ന്യൂഡല്‍ഹി: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പാര്‍ലമെന്‍ററിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (പി.എ.സി) പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് വിശദീകരണം തേടാന്‍ അധികാരമുണ്ടെന്ന് പി.എ.സി ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി. തോമസ്. പരിഗണിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പെടെ ആരെയും വിളിച്ചുവരുത്താന്‍ കമ്മിറ്റിക്ക് സാധിക്കും. ജനുവരി 20ന് ചേരുന്ന പി.എ.സി യോഗത്തിലെ നടപടികള്‍ അനുസരിച്ചായിരിക്കും തീരുമാനം. പി.എ.സിയിലെ അംഗങ്ങള്‍ ഐകകണ്ഠ്യേന തീരുമാനിക്കുകയാണെങ്കില്‍ പ്രധാനമന്ത്രിയില്‍നിന്ന് വിശദീകരണം തേടുമെന്നും തോമസ് തുടര്‍ന്നു.

നേരത്തേ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് 2ജി, കല്‍ക്കരി അഴിമതിക്കേസുകളില്‍  അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വിളിച്ചുവരുത്താന്‍ അന്നത്തെ പ്രതിപക്ഷമായ ബി.ജെ.പി കരുനീക്കം നടത്തിയിരുന്നു. അന്ന് പി.എ.സി ചെയര്‍മാനായിരുന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിയുടെ നീക്കം പക്ഷേ, അന്നത്തെ ഭരണപക്ഷം പൊളിച്ചു. നിലവില്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് നയിക്കുന്ന  21 അംഗ പി.എ.സിയില്‍ 12 പേര്‍ എന്‍.ഡി.എ പക്ഷത്തുള്ള എം.പിമാരാണ്. ഇവരുടെ എതിര്‍പ്പ് മറികടന്ന് പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുക എളുപ്പമല്ല.  

നോട്ട് പ്രശ്നത്തില്‍ ജനുവരി 20ന് ഹാജരായി വിശദീകരണം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് പി.എ.സി ആവശ്യപ്പെട്ടിട്ടുണ്ട്. ഊര്‍ജിത് പട്ടേലിന്‍െറ മറുപടി ആവശ്യപ്പെട്ട് പത്തിന ചോദ്യാവലിയും പി.എ.സി  റിസര്‍വ് ബാങ്കിന് കൈമാറിയിട്ടുണ്ട്. അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഏത് നിയമത്തിന്‍െറ ബലത്തിലാണ്?  പണത്തിന് റേഷന്‍ ഏര്‍പ്പെടുത്താന്‍ ആര്‍.ബി.ഐക്ക് എന്ത് അധികാരമാണുള്ളത്? അധികാര ദുര്‍വിനിയോഗത്തിന് ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ അല്ളെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍  സ്വീകരിക്കാതിരിക്കാന്‍ എന്ത് കാരണമാണുള്ളത്? തുടങ്ങിയ ചോദ്യങ്ങളാണ് പി.എ.സി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.     

 

Tags:    
News Summary - kv thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.