ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഇടതു പാർട്ടികൾ കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിന്

മംഗളൂരു: അടുത്ത മാസം 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ തീരദേശ ജില്ലകളായ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും സ്വന്തം സ്ഥാനാർഥികളെ നിർത്തേണ്ടതില്ലെന്ന് സി.പി.എം തീരുമാനം. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണിത്. ഈ മാസം 18ന് മംഗളൂരു ടൗൺ ഹാളിൽ സി.പി.ഐ, സി.പി.എം നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷനിൽ രണ്ടു ജില്ലകളിലും കോൺഗ്രസ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുന്നത് സംബന്ധിച്ച് പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ മുനീർ കാട്ടിപ്പള്ള ‘മാധ്യമ’ത്തോട് പറഞ്ഞു.

ബി.ജെ.പിക്ക് എതിരെ വോട്ടുകളുടെ ഏകീകരണം ഉണ്ടാകണം എന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. സ്വന്തം സ്ഥാനാർഥികളെ നിർത്തുമ്പോൾ ബി.ജെ.പിയിതര വോട്ടുകൾ ഭിന്നിക്കും. ഇത് ഈ തെരഞ്ഞെടുപ്പിൽ സംഭവിക്കരുത്. കർണാടകയിൽ അഞ്ച് സീറ്റുകളിലാണ് സി.പി.എം മത്സരിക്കുക. ഇതിൽനിന്ന് തീരദേശ ജില്ലകളെ ഒഴിവാക്കി. ഇടതു പാർട്ടികൾക്ക് വേരോട്ടം ഉണ്ടായിരുന്ന മണ്ണാണിതെന്ന് മുനീർ അവകാശപ്പെട്ടു. 1983ൽ സി.പി.എമ്മിലെ പി. രാമചന്ദ്ര റാവു (16,423) കോൺഗ്രസിലെ കെ.എസ് മുഹമ്മദ് മസൂദിനെ (13,903) പരാജയപ്പെടുത്തി എം.എൽ.എ ആയിരുന്നു.

ബി.ജെ.പിയും ആർ.എസ്.എസും തീരദേശ ജില്ലകളെ തീവ്രഹിന്ദുത്വ പരിശീലന കളരിയാക്കുന്നതിന് എതിരെ ജനമനസ്സ് ഉണർത്താനായിരുന്നു 2017 ഫെബ്രുവരിയിൽ മംഗളൂരുവിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത റാലി സംഘടിപ്പിച്ചത്. കർണാടകയിൽ കാലുകുത്തിയാൽ വെട്ടും എന്ന നളിൻ കുമാർ കട്ടീൽ എം.പിയുടെ ഭീഷണി നിലനിൽക്കെ അന്നത്തെ സിദ്ധാരാമയ്യ സർക്കാർ ഒരുക്കിയ വൻ സുരക്ഷാ വലയത്തിലാണ് പിണറായി വിജയന്റെ പരിപാടികളും റാലിയും നടന്നത്.

എന്നാൽ തുടർന്നു നടന്ന 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ ജില്ലയിൽ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി ഏഴിടത്ത് ജയിക്കുകയും കോൺഗ്രസ് ഏഴിൽ നിന്ന് ഒറ്റ എം.എൽ.എയിൽ ഒതുങ്ങുകയുമാണ് ചെയ്ത്. ഉഡുപ്പി ജില്ലയിൽ അഞ്ചു മണ്ഡലങ്ങളും ബി.ജെ.പി തൂത്തുവാരുകയും ചെയ്തു. മംഗളൂരു മണ്ഡലത്തിൽ നിതിൻ കുത്താർ - 2372, മംഗളൂരു നോർത്തിൽ മുനീർ കാട്ടിപ്പള്ള - 2472, മംഗളൂറു സൗത്തിൽ സുനിൽ കുമാർ ബജൽ - 2329 എന്നിങ്ങിനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥികൾ നേടിയ വോട്ടുകൾ. അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡയിൽ മൊത്തമുള്ള എട്ടും ഉടുപ്പിയിൽ ആകെയുള്ള അഞ്ചും മണ്ഡലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം.

Tags:    
News Summary - Left parties campaign for Congress candidates in Dakshina Kannada and Udupi districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.