ഭോപാൽ: കോവിഡിന്‍റെ മൂന്നാംതരംഗം ആഞ്ഞടിക്കുമ്പോഴും മാസ്ക് വെക്കാതിരുന്നതിന് ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ ഉഷ താക്കൂർ. കഴിഞ്ഞ 30 വർഷമായി താൻ വായുവിനെ ശുദ്ധീകരിക്കുന്ന അഗ്നിഹോത്ര പൂജ നടത്തുന്നുണ്ടെന്നും അതിനാൽ തനിക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിങ്കളാഴ്ചയാണ് സാംസ്കാരിക വകുപ്പ് മന്ത്രിയായ ഉഷ താക്കൂർ മാസ്ക് ധരിക്കാതെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഇതോടെ മാസ്ക് ധരിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
'കഴിഞ്ഞ 30 വർഷമായി രാവിലെയും വൈകിട്ടും ദിനചര്യയായി അഗ്നിഹോത്ര നടത്തിവരുന്നു. ഇത് എന്‍റെ പ്രതിരോധശേഷി വർധിക്കുന്നു. അതിനാൽ വൈറസ് ആക്രമണങ്ങൾ എനിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കില്ല' -ഉഷ താക്കൂർ പറഞ്ഞു.
നേരത്തേ ഖണ്ഡ്വ സന്ദർശിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് അതൊരു ജലദോഷം മാത്രമാണെന്നും വൈറസ് ആക്രമണം അല്ലായിരുന്നുവെന്നുമായിരുന്നു ഉഷ താക്കൂറിന്‍റെ മറുപടി. ഉഷ താക്കൂറിന്‍റെ മറുപടി വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞവർഷം മേയിലും ഉഷ താക്കൂർ സമാന പ്രസ്താവന നടത്തിയിരുന്നു. കൊറോണയെ തുരത്താൻ എല്ലാവരും ഹവേരി നടത്തണമെന്നും ഇത് വായുവിനെ ശുദ്ധീകരിക്കുമെന്നുമായിരുന്നു ഉഷ താക്കൂറിന്‍റെ പ്രസ്താവന. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.