മുംബൈ: വകുപ്പു വിഭജനത്തിൽ ഉടക്കി മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനം വൈകുന്നു. നിലവിൽ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിമാരും മാത്രമാണുള്ളത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും (ബി.ജെ.പി) ഉപമുഖ്യമന്ത്രി അജിത് പവാറും (എൻ.സി.പി) ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ കാണാൻ ഡൽഹിയിലാണ്. അതേസമയം, മറ്റൊരു ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ (ശിവസേന) ഡൽഹയിലെ ചർച്ചയിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.
ചൊവ്വാഴ്ച അർധരാത്രിയിലും വകുപ്പ് വിഭജന ചർച്ച നടന്നെങ്കിലും എങ്ങും എത്തിയില്ല. ആഭ്യന്തര വകുപ്പിനായി ഏക്നാഥ് ഷിൻഡെ കടുംപിടിത്തം തുടരുന്നതാണ് തടസ്സം. ആഭ്യന്തരം വിട്ടുകൊടുക്കില്ലെന്ന് ബി.ജെ.പി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. റവന്യൂ വകുപ്പും നൽകില്ല. നഗരസഭ വികസനവും പൊതുമരാമത്തും ഷിൻഡെക്ക് നൽകാൻ തയാറാണ്. ധനകാര്യം അജിത്തിനുതന്നെ നൽകുമെന്നാണ് സൂചന.
ഷിൻഡെക്കും അജിത്തിനും അവരുടെ എം.എൽ.എമാരിൽനിന്നും സമ്മർദമേറുന്നു. പിളർപ്പിൽ ഒപ്പം നിന്നിട്ടും കഴിഞ്ഞ തവണ മന്ത്രിപദം കിട്ടാത്തവർ മന്ത്രിയാകാൻ ശക്തമായി സമ്മർദം ചെലുത്തുന്നു. ഷിൻഡെക്ക് 12ഉം അജിത്തിന് 10ഉം മന്ത്രിപദമാണ് കിട്ടുക. ബി.ജെ.പിക്ക് മുഖ്യനടക്കം 22 മന്ത്രിമാരുണ്ടാകും. ഡൽഹി ചർച്ചയോടെ പരിഹാരമാകുമെന്നും ശനിയാഴ്ചയോടെ മന്ത്രിസഭ വികസനം ഉണ്ടാകുമെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.