മുംബൈ: വിവാഹങ്ങൾ മുടങ്ങുന്നതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാറുണ്ട്. മഹാരാഷ്ട്രയിലെ മൂർതിസാപൂരിൽ ഒരു വിവാഹം മുടങ്ങിയതിന്‍റെ കാരണം വളരെ വ്യത്യസ്തമാണ്. വരന്‍റെ സിബിൽ സ്കോർ കുറവാണ് എന്നുപറഞ്ഞാണ് വധുവിന്‍റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിൻമാറിയത്.
വധൂവരന്‍മാരും കുടുംബങ്ങളും തമ്മിലിഷ്ടപ്പെട്ട് ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം എന്നാണ് റിപ്പോർട്ട്. വിവാഹ ചർച്ചകൾ ഏകദേശം പൂർത്തിയായി, രണ്ട് കുടുംബങ്ങളും ധാരണയിൽ എത്തിയ ശേഷം വധുവിന്‍റെ അമ്മാവനാണ് വരന്‍റെ സിബിൽ സ്കോർ പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
പരിശോധനയിൽ വരന് സിബില്‍ സ്‌കോര്‍ കുറവാണ് എന്ന് കണ്ടെത്തുകയായിരുന്നു. വരൻ ഒന്നിലധികം വായ്പകൾ എടുത്തിട്ടുണ്ടെന്നും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും വ്യക്തമായതോടെ മകളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായ വധുവിന്‍റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിൻമാറുകയായിരുന്നു. കടത്തിൽ മുങ്ങിയ യുവാവിനെ എന്തിന് വിവാഹം കഴിക്കണം എന്നതായിരുന്നു വധുവിന്‍റെ അമ്മാവന്‍റെ ചോദ്യം.
ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവര്‍ അംഗമായിരിക്കുന്ന സാമ്പത്തിക വിശകലന സ്ഥാപനമാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (CIBIL). ഓരോ വ്യക്തിയുടെയും വായ്പാചരിത്രം ഈ സ്ഥാപനം കൃത്യമായി ശേഖരിച്ച് സൂക്ഷിക്കുന്നു. ഇതനുസരിച്ച് സിബില്‍ ട്രാന്‍സ് യൂനിയന്‍ സ്‌കോര്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് എന്നീ രണ്ട് രേഖകള്‍ സിബില്‍ ലഭ്യമാക്കുന്നു.
സിബില്‍ സ്കോർ എന്നത് ക്രെഡിറ്റ് ചരിത്രം, റേറ്റിങ്, റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഒരു മൂന്നക്കസംഖ്യയാണ്. 300 മുതൽ 900 വരെയുള്ള സംഖ്യകളാണ് ഉപയോഗിക്കുന്നത്. സ്കോർ 900-ലേക്ക് അടുക്കുന്തോറും ക്രെഡിറ്റ് റേറ്റിങ് മികച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.