ശിവസേന എം.എൽ.എമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

മുംബൈ: 53 ശിവസേന എം.എൽ.എമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് മഹാരാഷ്ട്ര നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര ഭഗവത്. ഏക്നാഥ് ഷിൻഡെ ഗ്രൂപ്പിലെ 39 എം.എൽ.എമാർക്കും ഉദ്ധവ് താക്കറെ ക്യാമ്പിലെ 14 എം.എൽ.എമാർക്കുമാണ് നോട്ടീസ് അയച്ചത്. വിപ്പ് ലംഘിച്ചതിന് ഇരുവിഭാഗങ്ങളും നൽകിയ പരാതിയിലാണ് നടപടി.

ഏഴു ദിവസത്തിനകം എം.എൽ.എമാർ നോട്ടീസിന് മറുപടി നൽകണം. ജൂലൈ മൂന്ന്, നാല് തീയതികളിൽ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിലും വിശ്വാസവോട്ടെടുപ്പിലും വിപ്പ് ലംഘിച്ചുവെന്ന് ഇരുപക്ഷങ്ങളും ആരോപിക്കുകയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം ഷിൻഡെ പക്ഷം നൽകിയ പരാതിയിൽ ആദിത്യ താക്കറയുടെ പേര് ഉൾപ്പെടാത്തതിനാൽ അദ്ദേഹത്തെ നടപടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിമത നീക്കത്തിനൊടുവിൽ ജൂൺ 30നാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാലു ദിവസങ്ങൾക്ക് ശേഷം വിശ്വാസ വോട്ടെടുപ്പിൽ 288ൽ 164 വോട്ടുകൾ നേടി വിജയിക്കുകയും ചെയ്തു. എതിർപക്ഷത്തിന് 99 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഷിൻഡെയുൾപ്പടെ 16 എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം സമർപ്പിച്ച ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും. 

Tags:    
News Summary - Maharashtra: Show Cause Notices Issued to 53 of 55 Shiv Sena MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.