മുംബൈ: മുംബൈ നഗരത്തിലെ റോഡുകളുടെയും ഡ്രെയിനേജുകളുടെയും ശോച്യാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി.
റോഡിലെ കുഴികൾക്കുചുറ്റം വൃത്താകൃതിയിൽ അടയാളപ്പെടുത്തി അതിനരികെ ‘വികസനം’ എന്നെഴുതി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സിയെ) ടാഗ് ചെയ്താണ് പ്രതിഷേധം. മുംബൈ യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സുഫിയാൻ ഹൈദർ ആണ് ഈ സമരരീതി ആരംഭിച്ചത്.
അന്ധേരിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് സമരം തുടങ്ങിയത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പ്രിയങ്ക സനാപിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദിൻദോഷിയിലും വീര ദേശായി റോഡിലും പശ്ചിമ അന്ധേരിയിലെ മറ്റ് പ്രദേശങ്ങളിലും കുഴികൾ അടയാളപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളിൽ ഈ സമരരീതി മുംബൈയിലുടനീളം വ്യാപിപ്പിക്കാനാണ് തീരുമാനം. റോഡുകളിലെ കുഴികൾ നികത്തുന്നതിൽ ബി.എം.സിക്ക് കാര്യക്ഷമതയില്ലെന്ന് ആരോപിച്ചാണ് മുംബൈ യൂത്ത് കോൺഗ്രസ് പ്രചാരണം കൊഴുപ്പിച്ചത്.
പ്രചാരണം തുടങ്ങിയതോടെ യൂത്ത് കോൺഗ്രസ് അടയാളപ്പെടുത്തിയ കുഴികൾ അന്ധേരിയിൽ ബി.എം.സി നികത്താൻ തുടങ്ങി. മുംബൈ നഗരത്തിൽ മുഴുവനായും ഇതേ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മുംബൈയെ കുഴിമുക്തമാക്കുമെന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണവും പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.