ബംഗളൂരു: വിമുക്തഭടന്മാരുടെ വിവാഹിതരായ പെൺകുട്ടികൾ വിവിധ സൈനിക ആനുകൂല്യങ്ങൾക്ക് അർഹരല്ലെന്ന സൈനിക ക്ഷേമനിധി ബോർഡിന്റെ മാർഗനിർദേശങ്ങൾ കർണാടക ഹൈകോടതി റദ്ദാക്കി. ആശ്രിതർക്കുള്ള തിരിച്ചറിയൽ കാർഡിന് വിവാഹിതരായ ആൺമക്കൾക്കെന്നപോലെ പെൺമക്കൾക്കും അർഹതയുണ്ടെന്നും വിവാഹം കഴിഞ്ഞതുകൊണ്ടുമാത്രം മകൾ എന്ന പദവി ഇല്ലാതാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹം കഴിച്ചാലും ഇല്ലെങ്കിലും മകൻ മകനായിത്തന്നെ നിലകൊള്ളുന്നതുപോലെതന്നെ മകളെയും കണക്കാക്കണം. വിവാഹം മകന്റെ പദവിക്ക് മാറ്റമുണ്ടാക്കുന്നില്ലെങ്കിൽ മകളുടെ പദവിക്കും മാറ്റമുണ്ടാക്കരുതെന്നും കോടതി പറഞ്ഞു.
2001ലെ ‘ഓപറേഷൻ പരാക്രമിൽ’ മൈനുകൾ ഒഴിവാക്കുന്നതിനിടെ രക്തസാക്ഷിയായ സുബേദാർ രമേശ് കണ്ടപ്പ പാട്ടീലിന്റെ 31കാരിയായ മകൾ പ്രിയങ്ക പാട്ടീൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എം. നാഗപ്പയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. മദ്രാസ് എൻജിനീയർ ഗ്രൂപ്പിൽ (എം.ഇ.ജി) സുബേദാറായിരുന്ന പിതാവ് മരിക്കുമ്പോൾ ഹരജിക്കാരിക്ക് 10 വയസ്സായിരുന്നു പ്രായം. കർണാടകയിലെ കോളജിൽ അസി. പ്രഫസർ ഒഴിവിലേക്ക് വിമുക്തഭടന്മാരുടെ മക്കൾക്ക് 10 ശതമാനം സംവരണമുണ്ട്.
ഇത് ലഭിക്കാനായി സൈനിക ആശ്രിത തിരിച്ചറിയൽ കാർഡിനായി ക്ഷേമനിധി ബോർഡിനെ സമീപിച്ചെങ്കിലും പ്രിയങ്ക വിവാഹിതയായതിനാൽ തിരിച്ചറിയൽ കാർഡിന് അർഹയല്ല എന്നുപറഞ്ഞ് ബോർഡ് ആവശ്യം നിരസിക്കുകയായിരുന്നു. അതേസമയം, വിവാഹിതരായ ആൺമക്കൾക്ക് തിരിച്ചറിയൽ കാർഡിന് അർഹതയുമുണ്ട്.
തുടർന്നാണ് ഹരജിക്കാരി ഹൈകോടതിയെ സമീപിച്ചത്. ലിംഗം അടിസ്ഥാനമാക്കിയുള്ള ഇത്തരം വിവേചനം ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ക്ഷേമനിധി ബോർഡിന്റെ ഇതുമായി ബന്ധപ്പെട്ട നിയമാവലികൾ റദ്ദാക്കുകയും ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ‘എക്സ് സർവിസ്മെൻ’ എന്ന പദം ‘എക്സ് സർവിസ് പേഴ്സനൽ’ എന്നാക്കിമാറ്റണമെന്നും ‘മെൻ’ എന്ന പദം സൈന്യത്തിൽ ഇപ്പോഴും പുരുഷമേധാവിത്വമാണെന്ന ചിന്തയുണ്ടാക്കുമെന്നും സേനകളിൽ സ്ത്രീകൾ ഓഫിസർമാരായും മറ്റ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും എത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.