ന്യൂഡൽഹി: പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനും അനുവദിക്കുന്നതിനുമുള്ള നടപടി ക്രമങ്ങൾ ലളിതമാക്കിയെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജ്യസഭയെ അറിയിച്ചു. അപേക്ഷക്കൊപ്പം നൽകണ്ടേ രേഖകൾ ഏതുസമയവും എവിടെ നിന്നും വെബ് സൈറ്റിലൂടെ നൽകാൻ കഴിയും. 'എം പാസ്പോർട്ട് സേവാ മൊബൈൽ ആപ്' വഴിയും പാസ്പോർട്ടിന് അപേക്ഷിക്കാം.
പൊലീസ് പരിശോധനാ നടപടിക്രമങ്ങളും ഉദാരമാക്കി. 'എം പാസ്പോർട്ട് പൊലീസ് ആപ്' വഴി ഡിജിറ്റലായി പരിശോധനാ നടപടി പൊലീസിന് പൂർത്തിയാക്കാം. പാസ്പോർട്ടിന് ആവശ്യമായ രേഖകൾ പേപ്പർ രഹിതമായി സമർപ്പിക്കാൻ ഡിജി ലോക്കർ സംവിധാനവും ഉപയോഗപ്പെടുത്താം. ഡിജിലോക്കർ പാസ്പോർട്ട് സേവനത്തിനുള്ള വെബ് സൈറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വേഗത്തിൽ പാസ്പോർട്ട് ലഭിക്കുന്നതിനായി പാസ്പോർട്ട് നിയമങ്ങളും ചട്ടങ്ങളും ലളിതമാക്കാൻ നിരവധി നടപടികൾ സ്വീകരിച്ചുവെന്ന് മന്ത്രി വിശദീകരിച്ചു.
സാധാരണ അപേക്ഷകന് 11 ദിവസത്തിനകവും തത്കാലിൽ രണ്ട് ദിവസത്തിനുള്ളിലും പാസ്പോർട്ട് ലഭ്യമാകും. ഇന്ത്യൻ പാസ്പോർട്ടുമായി 16 രാജ്യങ്ങളിൽ വിസ ഇല്ലാതെ പ്രവേശിക്കാം.43 രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വിസ ഓൺ അറൈവൽ ആയി ലഭിക്കും. കൂടുതൽ രാജ്യങ്ങളിൽ വിസ ഇല്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി പ്രവേശിക്കാൻ കഴിയുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.