ഇംഫാൽ: ചുരാചന്ദ്പൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 21 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സമാന സംഭവങ്ങളുടെ എണ്ണം മൂന്നായി.
വെള്ളിയാഴ്ച തൻലോൺ സബ് ഡിവിഷനിലെ വനത്തിൽ വിറക് ശേഖരിക്കാൻ പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് പിതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് കീറിയ വസ്ത്രങ്ങളും മുറിവേറ്റ പാടുകളും ഉള്ള മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ, പ്രതിയെ ഖോകെൻ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാൾ ഫെർസ് ജില്ല സ്വദേശിയാണ്.
ഇത് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ബലാത്സംഗ സംഭവമാണെന്ന് അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം 10 വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവവും, മാർച്ചിൽ ഒരു ദുരിതാശ്വാസ ക്യാമ്പിന് സമീപം 9 വയസ്സുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും ഉണ്ടായിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും നീതി ഉറപ്പാക്കാനും സുരക്ഷ വർദ്ധിപ്പിക്കാനും കർശന നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് താമസക്കാരും അവകാശ സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.