ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ മൊഴി തിരുത്തി പോക്സോ കേസിലെ ഇര. പ്രായപൂർത്തിയാകുന്നതിന് മുമ്പ് ബ്രിജ് ഭൂഷണിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടു എന്ന പരാതിയിലായിരുന്നു ഡൽഹി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
എന്നാൽ, പ്രായം സംബന്ധിച്ച മൊഴിയാണ് തിരുത്തിയതെന്നും മറ്റാരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. പോക്സോ പ്രകാരം കേസെടുത്താൽ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം. എന്നാൽ, പെൺകുട്ടി പരാതി നൽകി മാസം പിന്നിട്ടിട്ടും ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല.
ഇതിനിടെയാണ് പ്രായം സംബന്ധിച്ച് മൊഴി തിരുത്തുന്നത്. ഇത്തരം പരാതികളിൽ അന്വേഷണം വൈകുന്നത് പരാതിക്കാരെ സമ്മർദത്തിലാക്കുമെന്നും മൊഴി തിരുത്തിയതിൽ അത്ഭുതപ്പെടാനില്ലെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് അഭിപ്രായപ്പെട്ടു.
ലൈംഗികാതിക്രമത്തിൽ ഏഴു ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ കേസ് നൽകിയിട്ടുള്ളത്. ഒളിമ്പിക് മെഡൽ ജേതാവ്, റഫറി, പരിശീലകൻ ഉൾപ്പെടെ 125 പേർ ബ്രിജ് ഭൂഷണിനെതിരെ സാക്ഷി മൊഴിയും നൽകി. അതേസമയം, ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി മൂന്ന് തവണ കാലാവധി പൂർത്തിയാക്കിയ ബ്രിജ് ഭൂഷൺ ഇനി ഫെഡറേഷന്‍റെ ഭാഗമാവില്ല.
ഫെഡറേഷനിൽ നിന്ന് ബ്രിജ് ഭൂഷണിനെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും അടുപ്പമുള്ളവരെയും മാറ്റി പുതിയ കമ്മിറ്റി രൂപവത്കരിക്കണമെന്ന ഗുസ്തി താരങ്ങളുടെ ആവശ്യം കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ കായിക മന്ത്രി അനുരാഗ് ഠാകുർ അംഗീകരിച്ചതായാണ് റിപ്പോർട്ട്. സമിതിയുടെ ഉന്നത സ്ഥാനത്തേക്ക് ആരൊക്കെ വരണമെന്ന് ഗുസ്തി താരങ്ങളുടെ കൂടെ അഭിപ്രായം കേന്ദ്രം തേടുമെന്നും അറിയിച്ചിട്ടുണ്ട്. ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ജൂൺ 30നകം പുതിയ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നാണ് കായിക മന്ത്രി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.