ന്യൂഡൽഹി: രാജ്യത്തിന്‍റെ പലഭാഗങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന നരകതുല്യമായ അതിക്രമങ്ങൾ വംശഹത്യക്ക് സമാനമാണെന്ന് മുസ്‌ലിം ലീഗ് പാർലിമെന്‍ററി പാർട്ടി നേതാവ് ഇ. ടി. മുഹമ്മദ് ബഷീർ. കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ബഷീർ ഇക്കാര്യം പറഞ്ഞത്. ഇത്തരം അതിക്രമങ്ങൾ വർഷകാല സമ്മേളനത്തിൽ സമഗ്രമായി ചർച്ച ചെയ്യണമെന്ന് കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി അടക്കമുള്ളവരോട് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്നം ന്യൂനപക്ഷ വിഷയമായല്ല, രാജ്യത്തിന്‍റെ മൊത്തം പ്രശ്നമായി കാണണം. അന്താരാഷ്ട്ര സമൂഹം പോലും ഈ അതിക്രമങ്ങളിൽ ഉൽക്കണ്ഠ രേഖപ്പെടുത്തിയത് രാജ്യത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. നിരപരാധികളുടെ ജീവനും സ്വത്തിനും നേരെ ബുൾഡോസർ നീങ്ങുന്നത് ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ പ്രമുഖരായ ചിന്തകന്മാരും ബുദ്ധിജീവികളും പത്രപ്രവർത്തകരും കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തപെട്ട് ജയിലിലടക്കപ്പെട്ടിരിക്കുകയാണ്. എതിർ ശബ്ദങ്ങളെ മൂടി കെട്ടാനുള്ള സർക്കാറിന്‍റെ ആഗ്രഹം കൊണ്ടാണത്.
വളർന്നുവരുന്ന തലമുറ എത്രയോ വലിയ സമ്പാദ്യങ്ങൾ ആണ്. നല്ല വിദ്യാഭ്യാസവും നന്മയുടെ സന്ദേശവും ആണ് അവർക്ക് നൽകേണ്ടത്. അതിനു പകരം വിദ്യാഭ്യാസ മേഖലയെ അടിമുടി വർഗീയ വൽക്കരിക്കുന്ന അപകടകരമായ നീക്കം ഇന്ത്യയിൽ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഇത്തരം വിഷയങ്ങളിൽ പാർലമെന്‍റ് ചർച്ചകൾ ഫലപ്രദമാക്കണമെന്നും ഇ.ടി. ബഷീർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.