ചെന്നൈ: ഡി.എം.കെ നേതാവും തമിഴ്നാട് മുഖമന്ത്രിയുമായ എം.കെ സ്റ്റാലിൻ വീണ്ടും പാർട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറഴ്ച ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിരില്ലാതെയാണ് രണ്ടാം തവണയും സ്റ്റാലിൻ പാർട്ടി അധ്യക്ഷനാകുന്നതെന്ന് എന്ന് ഡി.എം.കെ വ്യക്തമാക്കി. മുതിർന്ന നേതാക്കളായ ദുരൈമുരുഗൻ, ടി.ആർ ബാലു എന്നിവരെ ജനറൽ സെക്രട്ടറിയും ട്രെഷററുമായി എതിരില്ലാതെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇരുനേതാക്കളും ഈ സ്ഥാനത്ത് എത്തുന്നത്.
ജനറൽ കൗൺസിൽ യോഗത്തിനെത്തിയ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. അന്തരിച്ച പാർട്ടി നേതാവ് എം. കരുണാനിധിയുടെ മകൻ കൂടിയായ സ്റ്റാലിൻ ഡി.എം.കെ ട്രെഷറർ, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ഡി.എം.കെയുടെ രണ്ടാമത്തെ പ്രസിഡന്റ് കൂടിയാണ് സ്റ്റാലിൻ.
ഡി.എം.കെയിൽ പ്രസിഡന്റ് സ്ഥാനം സൃഷ്ടിച്ചത് 1969ലാണ്. കരുണാനിധിയായിരുന്നു ഡി.എം.കെയുടെ ആദ്യ പ്രസിഡന്റ്. ദ്രാവിഡ പ്രസ്ഥാനത്തിന്റെ മുഖമായ സി.എൻ അണ്ണാദുരൈയാണ് ഡി.എം.കെ സ്ഥാപകൻ. 1969ൽ മരണപ്പെടുന്നതുവരെ പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.1949-ലാണ് ഡി.എം.കെ സ്ഥാപിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.