ന്യൂദൽഹി: അദാനിയും അംബാനിയും ടെംപോ വാനിൽ നിറയെ ചാക്ക് കണക്കിന് കള്ളപ്പണം കോൺഗ്രസിന് നൽകിയോ എന്ന മോദിയുടെ ആരോപണം ബി.ജെ.പിക്കെതിരെ ആയുധമാക്കി കോൺഗ്രസ്. കള്ളപ്പണം ഇല്ലാതാക്കാൻ നിങ്ങൾ നോട്ട് നിരോധിച്ചിട്ടും നിങ്ങളുടെ സുഹൃത്തുക്കളായ അദാനിക്കും അംബാനിക്കും എവിടെ നിന്നാണ് അത്രയും കള്ളപ്പണം കിട്ടിയതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു.
കള്ളപ്പണം നിറച്ച ചാക്കുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കുണ്ടായിട്ടും എന്തുകൊണ്ട് ഇ.ഡി, ഐ.ടി, സി.ബി.ഐ എന്നിവ ഒരു നടപടിയും എടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ തോൽവിയുറപ്പിച്ചതിന്റെ അസ്വസ്ഥതയിലാണ് നിങ്ങൾ ഇങ്ങനെ പലതും വിളിച്ചുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘‘തന്റെ സുഹൃത്തുക്കളായ അദാനിക്കും അംബാനിക്കും ടെംപോ വാൻ നിറയെ കള്ളപ്പണം ഉണ്ടെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.
അത്തരമൊരു സാഹചര്യത്തിൽ മൂന്ന് ചോദ്യങ്ങൾ ഉയർന്നുവരുന്നു:
1. കള്ളപ്പണം ഇല്ലാതാക്കാനാണ് നിങ്ങൾ നോട്ട് നിരോധിച്ചത്. പിന്നെ എവിടെ നിന്നാണ് നിങ്ങളുടെ സുഹൃത്തുക്കൾക്ക് കള്ളപ്പണം ലഭിച്ചത്?
2. നിങ്ങളുടെ സുഹൃത്തുക്കൾക്ക് കള്ളപ്പണച്ചാക്കുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് ED-IT-CBI എന്നിവ ഒരു നടപടിയും എടുക്കുന്നില്ല?
3. കഴിഞ്ഞ 10 വർഷമായി സർക്കാർ സ്വത്തുക്കൾ സ്വകാര്യവൽക്കരിക്കുകയും അദാനിക്കും അംബാനിക്കും മാത്രം വിൽക്കുകയും ചെയ്തു. അപ്പോൾ എവിടെ നിന്നാണ് കള്ളപ്പണം വന്നത്?
തോൽവി കൺമുന്നിൽ കണ്ടതുകൊണ്ട് നിങ്ങൾ അസ്വസ്ഥരാണ് എന്നതാണ് സത്യം. അതിനാലാണ് നിങ്ങൾ ഇങ്ങനെ പലതും വിളിച്ചു പറയുന്നത്’’
തെലങ്കാനയിലെ കരിംനഗറിൽ ഇന്നലെ മോദി നടത്തിയ പ്രസംഗത്തിലാണ് അദാനിക്കും അംബാനിക്കുമെതിരെ മോദി കള്ളപ്പണ ആരോപണം ഉന്നയിച്ചത്. ‘തെലങ്കാനയുടെ മണ്ണിൽ നിന്ന് ഞാൻ ചോദിക്കുകയാണ്: ഈ തെരഞ്ഞെടുപ്പിൽ അംബാനിയിൽനിന്നും അദാനിയിൽ നിന്നും ഷെഹ്‌സാദ (രാഹുൽ ഗാന്ധി) എത്ര വാങ്ങി? അയാൾക്ക് ഇവരിൽനിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകൾ നിറച്ച ടെമ്പോവാൻ കോൺഗ്രസിന്റെ അടുത്ത് എത്തിയോ? ഒറ്റരാത്രികൊണ്ട് അംബാനിയെയും അദാനിയെയും പറയുന്നത് നിർത്താൻ എന്ത് കരാറാണ് ഉണ്ടാക്കിയത്? അഞ്ച് വർഷമായി നിങ്ങൾ അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് ഇപ്പോൾ ഒറ്റരാത്രികൊണ്ട് നിർത്തി. അതിനർത്ഥം നിങ്ങൾക്ക് എന്തെങ്കിലും ലഭിച്ചു എന്നാണ്. ഇക്കാര്യത്തിൽ നിങ്ങൾ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും” -എന്നായിരുന്നു മോദിയുടെ പ്രസംഗം.
മോദിയുടെ ചോദ്യത്തിന് വിഡിയോയിലൂടെയാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്. അവര്‍ ടെമ്പോയില്‍ പണം നല്‍കിയെന്ന് താങ്കള്‍ക്ക് എങ്ങനെ അറിയാമെന്നും അത് സ്വന്തം അനുഭവം ആണോ എന്നും മോദിയോട് രാഹുല്‍ ചോദിച്ചു. ‘നമസ്കാരം മോദിജി. താങ്കൾ പേടിച്ചു പോയോ? സാധാരണ അടച്ചിട്ട മുറികളിലാണ് താങ്കൾ അദാനി അംബാനി കാര്യങ്ങൾ സംസാരിക്കാറുള്ളത്. ഇതാദ്യമായി പൊതുയിടത്തിൽ താങ്കൾ അദാനി, അംബാനി എന്നൊക്കെ പറയുന്നു. ടെമ്പോയിലാണ് പൈസ എത്തിക്കുന്നത് എന്നൊക്കെ താങ്കൾക്ക് അറിയാം അല്ലേ..! താങ്കളുടെ സ്വന്തം അനുഭവമാണോ അത്?. ഒരു കാര്യം ചെയ്യൂ, സി.ബി.ഐയേയും ഇ.ഡിയേയും ഇവരുടെ (അദാനി- അംബാനി) അടുത്തേക്ക് അയക്കൂ. മുഴുവൻ കാര്യങ്ങളും അന്വേഷിക്കൂ. പെട്ടന്ന് തന്നെ ചെയ്യൂ.. ഇങ്ങനെ പേടിക്കല്ലേ മോദിജി’ -രാഹുൽ മോദിയോട് പറഞ്ഞു.
മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചതെങ്കിൽ, ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ കോടിക്കണക്കിന് മനുഷ്യരെ ലക്ഷാധിപതികളാക്കുമെന്ന് രാഹുൽ വിഡിയോയിൽ തുടർന്നു. ‘ഞാൻ രാജ്യത്തോട് ഉറപ്പിച്ച് പറയുന്നു: എത്ര പൈസ മോദിജി ഇവർക്ക് (കോടീശ്വരൻമാർക്ക്) നൽകിയോ, അത്രയും പണം ഞങ്ങൾ രാജ്യത്തെ പാവപ്പെട്ടവർക്ക് നൽകാൻ പോവുകയാണ്. മഹാലക്ഷ്മി യോജന, പെഹ്‍ലി നൗകരി യോജന എന്നിവയിലൂടെ കോടിക്കണക്കിന് ആളുകളെ ലക്ഷാധിപതികളാക്കും. ഇവർ 22 കോടിപതികളെ ഉണ്ടാക്കി, ഞങ്ങൾ കോടിക്കണക്കിന് ലക്ഷാധിപതികളെ ഉണ്ടാക്കും’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.