ഇംഫാൽ: മണിപ്പൂരിൽ കലാപം അടിച്ചമർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കൈക്കു എന്നറിയപ്പെടുന്ന പ്രമുഖ മണിപ്പൂരി നടൻ രാജ്കുമാർ സോമേന്ദ്ര ബി.ജെ.പിയിൽനിന്ന് രാജിവെച്ചു. കലാപത്തിൽ രണ്ട് കുട്ടികൾകൂടി കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് രാജ്കുമാർ ബി.ജെ.പി വിട്ടത്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള രാജ്കുമാർ സോമേന്ദ്ര ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞ ദിവസം രാജി കൈമാറി.
ഇംഫാൽ വെസ്റ്റ് സ്വദേശിയായ രാജ്കുമാർ 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. 2021 നവംബറിലാണ് ബി.ജെ.പിയിൽ ചേരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കായി പ്രചാരണരംഗത്ത് സജീവമായിരുന്നു. തന്റെ ആദ്യ പരിഗണന ജനങ്ങൾക്കാണെന്നും പാര്‍ട്ടി രണ്ടാമതാണെന്നും രാജ്കുമാർ രാജിക്കത്തിൽ വ്യക്തമാക്കി.
നാലു മാസമായി തുടരുന്ന കലാപം നിയന്ത്രണവിധേയമാക്കാൻ സർക്കാർ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇരട്ട എൻജിൻ സർക്കാർ സംസ്ഥാനത്ത് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരും എന്നു കരുതിയാണ് ബി.ജെ.പിയിൽ ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, രാജ്കുമാർ രാജിക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
ന്യൂഡൽഹി: കലാപം അമർച്ച ചെയ്യാൻ ശ്രീനഗർ പൊലീസ് സൂപ്രണ്ട് രാകേഷ് ബൽവാളിനെ അടിയന്തരമായി മണിപ്പൂരിലേക്ക് നിയോഗിച്ച് കേന്ദ്രസർക്കാർ. മണിപ്പൂർ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ബൽവാളിനെ ഡെപ്യൂട്ടേഷൻ കാലാവധി വെട്ടിച്ചുരുക്കിയാണ് ആഭ്യന്തര മന്ത്രാലയം പുതിയ ദൗത്യം ഏൽപിച്ചത്.
2021 മുതൽ ശ്രീനഗറിൽ സീനിയർ പൊലീസ് സൂപ്രണ്ടാണ് ബൽവാൾ. അതിനുമുമ്പ് മൂന്നര വർഷം ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എയിൽ പ്രവർത്തിച്ചു. 2019ൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണം അന്വേഷിച്ച സംഘത്തിൽ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.