മുംബൈ: കർഫ്യൂ ലംഘിച്ച് മാസ്ക് ധരിക്കാതെ ക്രിക്കറ്റ് കളിച്ച 20കാരന് ജാമ്യം നിഷേധിച്ച് കോടതി. മുംബൈ സെഷൻസ് കോടതിയാണ് 20കാരന് ജാമ്യം നിഷേധിച്ചത്. കർഫ്യൂ ലംഘിച്ച് മുംബൈ സ്വദേശിയായ ഖുറേഷിയും ആറുപേരും ചേർന്നാണ് ക്രിക്കറ്റ് കളിച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ചതായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷനൽ സെഷൻസ് ജഡ്ജായി അഭിജീത് നന്ദഗോങ്കർ ജാമ്യം നിഷേധിച്ചത്. കർശന വ്യവസ്ഥയിൽ യുവാവിനെ വിട്ടയച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
റോഡിന് നടുവിലാണ് ഖുറേഷിയും ആറുപേരും ചേർന്ന് ക്രിക്കറ്റ് കളിച്ചത്. പൊലീസ് വരുന്നതുകണ്ട് ഏഴുപേരും ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാൽ അവരുടെ മൊബൈൽ ഫോൺ റോഡിന് സമീപത്ത് മറന്നുവെച്ചിരുന്നു. മൊബൈൽ ഫോൺ തിരിച്ചെടുക്കാൻ എത്തിയപ്പോൾ പൊലീസിന്‍റെ കൈവശമായിരുന്നു അവ. ഖുറേഷിയുടെ സുഹൃത്ത് പൊലീസുകാരന്‍റെ കൈയിൽനിന്ന് ഫോൺ തട്ടിപ്പറിച്ചോടാൻ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയിൽ പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ഖുറേഷിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസുകാരന്‍റെ ജോലി തടസപ്പെടുത്തിയെന്നും പകർച്ചവ്യാധി നിവാരണ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായും ചൂണ്ടിക്കാട്ടി യുവാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു.
പിടിയിലായ ഖുറേഷിയുടെ സുഹൃത്തിന് പ്രായപൂർത്തിയാകാത്തതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പിതാവിനൊപ്പം വിട്ടു. ഖുറേഷിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഖുറേഷി സെഷൻസ് കോടതിയെ സമീപിച്ചത്.
മഹാരാഷ്്ട്രയിൽ കോവിഡ് പടർന്നുപിടിച്ചതോടെ പൊലീസ് 144ാം വകുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. പ്രതിദിനം 50,000ത്തിൽ അധികം പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് പൊലീസും സർക്കാറും നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.