rabia saifi family and Muslim Youth League

ഡൽഹിയിൽ കൊല്ലപ്പെട്ട റാബിയ സൈഫിയുടെ മാതാപിതാക്കളോടൊപ്പം അഡ്വ. വി.കെ. ഫൈസൽ ബാബു, അഡ്വ. മർസൂഖ് ബാഫഖി, ഷിബു മീരാൻ എന്നിവർ. റാബിയയുടെ സഹോദരങ്ങൾ സമീപം

റാബിയ സൈഫിയുടെ സ്വപ്നം അപൂർണമാകില്ല; യൂത്ത് ലീഗിൻെറ സ്കോളർഷിപ്പോടെ മുസ്കാൻ സൈഫി പഠിക്കും

ന്യൂഡൽഹി: ഡൽഹിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സിവിൽ ഡിഫൻസ് ഓഫീസർ റാബിയ സൈഫിയുടെ അനുജത്തി മുസ്കാൻ സൈഫിക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാൻ മുസ്​ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സ്കോളർഷിപ്പ് നൽകും. റാബിയയുടെ വസതിയിൽ സന്ദർശനം നടത്തിയ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബുവിൻെറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കുടുംബവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. മർസൂഖ് ബാഫഖി, ഷിബു മീരാൻ എന്നിവരും കൂടെയുണ്ടായിരുന്നു.

സംഗംവിഹാറിലെ വസതിയിലെത്തിയ പ്രതിനിധി സംഘം റാബിയയുടെ പിതാവുമായി സംസാരിച്ചു. കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് റാബിയുടെ വസതിക്കു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. ആഗസ്റ്റ് 26നാണ് ലാൽപതിലെ ഓഫീസിൽ ജോലിക്ക് പോയ റാബിയ സൈഫിയെ കാണാതായത്. കൂടെ ജോലി ചെയ്യുന്നവരോട് അന്വേഷിച്ചപ്പോൾ, റാബിയയുടെ മേലുദ്യോഗസ്ഥനും മജിസ്ട്രറ്റുമായ രവീന്ദർ സിങ് മെഹ്റയെ ഡൽഹി ആൻറി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചതാകാമെന്നുമാണ് പറഞ്ഞത്. പിറ്റേ ദിവസം സൂരജ്കുന്ദ് പൊലീസ് എത്തി മാതാപിതാക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്വന്തം മകളുടെ മൃതശരീരമാണ് ആശുപത്രിയിൽ കാണാനായത്. മയ്യിത്ത് പരിപാലിച്ച കുടുംബത്തിലെ സ്ത്രീകൾ പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലുമുള്ള മാരകമായ മുറിവുകൾ കണ്ട് ബോധരഹിതരായെന്ന് പിതാവ് പൊട്ടിക്കരഞ്ഞു പറഞ്ഞു.

ഇതിനിടെ, റാബിയയുമായുള്ള തൻെറ വിവാഹം കഴിഞ്ഞെന്നും താനാണ് കൊലപാതകി എന്നും അവകാശപ്പെട്ട് നിസാമുദ്ദീൻ എന്ന യുവാവ് പൊലീസിൽ കീഴടങ്ങി. ഇങ്ങനെയൊരു ബന്ധത്തെക്കുറിച്ച് മകൾ പറഞ്ഞിട്ടേയില്ലെന്ന് മാതാവ് പറഞ്ഞു. ഡൽഹി പൊലീസിൽ നിന്ന് നീതിപൂർവമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.

റാബിയയുടെ പിതാവ് കാർപൻറർ തൊഴിലാളിയാണ്. മൂത്ത സഹോദരൻ ഓട്ടിസം ബാധിച്ച അവസ്ഥയിൽ കുടുംബത്തിൻെറ ആശ്രയമായിരുന്ന മകളെയാണ് ഇവർക്ക് നഷ്ടമായത്. തൻെറ അനിയത്തി മുസ്കാൻ സൈഫിയെ അഭിഭാഷകയാക്കണം എന്നതായിരുന്നു റാബിയയുടെ ആഗ്രഹം. മുസ്കാൻെറയും ഇരട്ട സഹോദരൻ സുഹൈലിൻെറയും പഠനം പാതിവഴിയിൽ മുടങ്ങാതിരിക്കാൻ കൂടെയുണ്ടെന്ന് യൂത്ത് ലീഗ് കുടുംബത്തിന് ഉറപ്പ് നൽകി. പ്ലസ് വൺ വിദ്യാർത്ഥികളായ ഇരുവർക്കും ഇനിയുള്ള നാല് വർഷം പഠനാവശ്യത്തിനായി നിശ്ചിത തുക യൂത്ത് ലീഗ് ദേശീയ കമ്മിറ്റി കൈമാറും.

നിഷ്പക്ഷമായ അന്വേഷണത്തിലൂടെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുന്നതു വരെ കുടുംബം നടത്തുന്ന പോരാട്ടത്തെ പിന്തുണക്കുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു പറഞ്ഞു. ഡൽഹിയിൽ നിർഭയ നേരിട്ടതിനു സമാനമായ ക്രൂരതയാണ് റാബിയ സൈഫിക്ക് നേരിടേണ്ടി വന്നതെന്നും പൊതുസമൂഹം ഇതിനായി ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Muslim Youth League Scholarship for Rabia Saifi's younger sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.