ബംഗളൂരു: ഇന്ത്യയിലുടനീളമുള്ള 930ലധികം ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബംഗളൂരുവിൽ പിടിയിൽ. കൊൽക്കത്ത പൊലീസാണ് വെള്ളിയാഴ്ച ബംഗളൂരുവിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ജെ.പി നഗറിൽ സോഫ്‌റ്റ്‌വെയർ എൻജിനീയർ എന്ന വ്യാജേന താമസിക്കുകയായിരുന്ന ചിരാഗ് കപൂർ ആണ് പൊലീസിന്റെ നിരന്തര അന്വേഷണത്തിനൊടുവിൽ പിടിയിലായത്.
വിവിധ സംസ്ഥാനങ്ങളിലായി 930ലധികം ഡിജിറ്റൽ അറസ്റ്റുകളാണ് ഇയാളും സംഘവും നടത്തിയത്. വിഡിയോ കോളുകളിൽ നിയമപാലകരായി വേഷമിട്ട് ഇരകളെ കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും വലിയ തുക കൈമാറാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.
ദേബശ്രീ ദത്ത എന്ന സ്ത്രീയുടെ 47 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കമാണ് ഇയാളെ കുരുക്കിയത്. കൊൽക്കത്തയിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യസൂത്രധാരനാണ് ഇയാളെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇയാളെ പോലീസ് കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി കൊൽക്കത്തയിലേക്ക് കൊണ്ടുപോയി. സംശയം തോന്നാതിരിക്കാൻ ഏജൻറുമാർ വഴിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ദേബശ്രീ ദത്ത കേസിൽ അന്വേഷണം നടത്തിയ പൊലീസ് ആനന്ദപൂർ, പട്ടുലി, നരേന്ദ്രപൂർ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്ന ഓഫിസ് പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. 104 പാസ്ബുക്കുകൾ, 61 മൊബൈൽ ഫോണുകൾ, 33 ഡെബിറ്റ് കാർഡുകൾ, രണ്ട് ക്യുആർ കോഡ് മെഷീനുകൾ, 140 സിം കാർഡുകൾ, 40 സീലുകൾ, 10 വാടക കരാറുകൾ എന്നിവയും പിടിച്ചെടുത്തിരുന്നു. സംശയം തോന്നാതിരിക്കാൻ ഏജന്റുമാർ വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.