ബെംഗളൂരു: ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന വാർത്ത നിരസിച്ച് നളിൻ കുമാർ കട്ടീൽ. പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നും താൻ രാജി വെച്ചിട്ടില്ലെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പാർട്ടി കൃത്യമായ തീരുമാനം എടുക്കും. എന്നാൽ പാർട്ടി അധ്യക്ഷ സ്ഥാനം താൻ രാജിവെക്കുകയാണ് എന്ന് പറഞ്ഞിട്ടില്ല. വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും നളിൻ കുമാർ വ്യക്തമാക്കി. ബെല്ലാരിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കഴിഞ്ഞ മാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന്‍റെ ധാർമിക ഉത്തരവാദിത്തവും നളിൻ കുമാർ ഏറ്റെടുത്തിരുന്നു.
തന്‍റെ കാലാവധി പൂർത്തിയായെന്നും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുൻ മന്ത്രിയും മുതിർന്ന നേതാവുമായ വി. സോമണ്ണ പാർട്ടിയുടെ പുതിയ അധ്യക്ഷനാകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആഗ്രഹം പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്നും അധ്യക്ഷനെ സംബന്ധിച്ച അന്തിമ തീരുമാനം ബി.ജെ.പി കേന്ദ്ര നേതാക്കളുടേതായിരിക്കുമെന്നും കട്ടീൽ വ്യക്തമാക്കി.
രണ്ട് വർഷമാണ് പാർട്ടി സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി. താത്ക്കാലിക അധ്യക്ഷനായും കട്ടീൽ പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കാലാവധി കഴിഞ്ഞിട്ടും അധ്യക്ഷ സ്ഥാനത്ത് തുടരാൻ പാർട്ടി ആവശ്യപ്പെട്ടെന്നും നാല് വർഷത്തോളമായി അധ്യക്ഷ സ്ഥാനം കൈകാര്യം ചെയ്തുവെന്നും കട്ടീൽ പറഞ്ഞു.
224 അംഗ നിയമസഭയിൽ 135 സീറ്റ് നേടിയായിരുന്നു കോൺഗ്രസിന്‍റെ വിജയം. 66 സീറ്റുകൾ മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.