അപേക്ഷകരില്ല; പ്രവാസി പെന്‍ഷന്‍ പദ്ധതി കേന്ദ്രം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായുള്ള  പെന്‍ഷന്‍ പദ്ധതി മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന (എം.ജി.പി.എസ്.വൈ) മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. പെന്‍ഷന്‍ പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ളെന്ന കാരണം പറഞ്ഞാണ് മന്‍മോഹന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതി അവസാനിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമായി ഏഴു ദശലക്ഷം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്. എന്നാല്‍, പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നവരുടെ എണ്ണം 300ല്‍ താഴെ മാത്രമാണ്. ഇത്രയും പേരെ വെച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാവില്ളെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

ക്ഷേമ പദ്ധതികളിലൊന്നിന്‍െറയും പരിരക്ഷ ലഭിക്കാത്ത  സാധാരണക്കാരായ പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി. ഇക്കാര്യം പ്രവാസികളിലേക്ക് എത്തിക്കാനുള്ള പ്രചാരണം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായില്ല. വയലാര്‍ രവി കേന്ദ്ര പ്രവാസികാര്യ മന്ത്രിയായിരിക്കെ, 2012 ജനുവരിയിലാണ് പ്രവാസികള്‍ക്കായുള്ള  മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന തുടങ്ങിയത്. മന്ത്രിയുടെ  ഒന്നോ രണ്ടോ ഗള്‍ഫ് സന്ദര്‍ശനത്തിനപ്പുറം പ്രവാസി പെന്‍ഷന്‍ പദ്ധതിയുടെ പ്രചാരണത്തിന് സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ല.

പങ്കാളിത്ത പെന്‍ഷന്‍ എന്ന നിലക്ക് തയാറാക്കിയ പദ്ധതി പ്രകാരം അഞ്ചു വര്‍ഷത്തേക്ക് പുരുഷന്മാര്‍ പ്രതിവര്‍ഷം 5000 രൂപയും സ്ത്രീകള്‍ 2900 രൂപയും അടക്കണം. 60 വയസ്സ് തികയുമ്പോള്‍ 4000 രൂപയില്‍ കുറയാത്ത പെന്‍ഷനും കൂടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. സ്വാഭാവിക മരണത്തിന് 30,000, അപകട മരണം അല്ളെങ്കില്‍ അംഗവൈകല്യം എന്നിവക്ക് 75,000,  ഭാഗികമായ അംഗവൈകല്യത്തിന് 35,000 എന്നിങ്ങനെയാണ് ഇന്‍ഷുറന്‍സ് കവറേജ്. ഗള്‍ഫുകാരെ മുന്‍നിര്‍ത്തി തയാറാക്കിയ പദ്ധതി  കേന്ദ്ര പ്രവാസി മന്ത്രാലയത്തിന്‍െറ വലിയ നേട്ടമായാണ് അവതരിപ്പിക്കപ്പെട്ടത്. 

പദ്ധതിയെക്കുറിച്ച ബോധവത്കരണത്തിനും പ്രവാസികളെ കൂട്ടത്തോടെ പദ്ധതിയില്‍ അംഗങ്ങളാക്കാനും ഗള്‍ഫ് രാജ്യങ്ങളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനമുണ്ടായിരുന്നു. പുതുതായി  പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ഓഫിസുകളില്‍ വെച്ചുതന്നെ പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഒന്നും നടപ്പായില്ല. പത്ര, മാധ്യമങ്ങള്‍ വഴി വ്യാപക പരസ്യവും ഉണ്ടായില്ല. കാരണം, പ്രവാസി മന്ത്രാലയത്തിന്‍െറ മൊത്തം ബജറ്റ് വിഹിതം 100 കോടിയില്‍ താഴെയായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കി വിദേശകാര്യ മന്ത്രാലയത്തിന്‍െറ ഭാഗമാക്കിയിരുന്നു. പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ വിദേശകാര്യ മന്ത്രാലയം പ്രയോഗിക പ്രശ്നങ്ങള്‍ കൂടി ഉയര്‍ത്തിയതോടെയാണ് പദ്ധതി നിര്‍ത്തലാക്കുന്നത്. പദ്ധതി നിര്‍ത്തുന്നതിനെതിരെ ശശി തരൂര്‍ ചെയര്‍മാനായ വിദേശകാര്യ മന്ത്രാലയ പാര്‍ലമെന്‍ററി സമിതി രംഗത്തുവന്നിട്ടുണ്ട്. പ്രവാസികളെ ബോധവത്കരിച്ച് കൂടുതല്‍ പേരെ അംഗങ്ങളാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയശേഷം മാത്രമേ പദ്ധതി നിര്‍ത്തലാക്കാന്‍ പാടുള്ളൂവെന്ന് പാര്‍ലമെന്‍ററി സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 

പ്രവാസികളുടെ വ്യാപാര പദ്ധതികള്‍ക്കും മറ്റും സഹായം നല്‍കുന്നതിനുള്ള ഓവര്‍സീസ് ഇന്ത്യന്‍ ഫെസിലിറ്റേഷന്‍ സെന്‍ററിന്‍െറ (ഒ.ഐ.എഫ്.സി) പ്രവര്‍ത്തനവും കേന്ദ്രം അവസാനിപ്പിക്കുകയാണ്. ഇന്ത്യന്‍ വംശജരായ പ്രവാസികളുടെ കുട്ടികള്‍ക്ക് ഹ്രസ്വകാല കോഴ്സുകള്‍ക്ക് പ്രവേശനം ഒരുക്കുന്നതിനുള്ള സ്റ്റഡി ഇന്ത്യ പ്രോഗ്രാമും അവസാനിപ്പിക്കും.

Tags:    
News Summary - no applicants, central stops pravasi pension projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.