മാസ്കില്ലാത്തതിന് കേസെടുക്കരുതെന്ന് കേന്ദ്രം, സംസ്ഥാനം ഉത്തരവിറക്കും

തിരുവനന്തപുരം: മാസ്ക് ധരിക്കാത്തതിന് കേസെടുക്കുന്നതടക്കം കോവിഡ് നിയന്ത്രണ ഭാഗമായ നിയമനടപടികൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. രാജ്യത്ത് കോവിഡ് കേസുകളും പ്രതിദിന രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞ സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമപ്രകാരം ഏർപ്പെടുത്തിയ നടപടികൾ അവസാനിപ്പിക്കുന്നത്. മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ലെങ്കിലും കേന്ദ്ര നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക ഉത്തരവിറക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം.

പൊതു ഇടങ്ങളിലെ മാസ്ക് മാറ്റലിന് കേസെടുക്കരുതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നുണ്ടെങ്കിലും മാസ്കടക്കം കോവിഡ് മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നില്ല. മാത്രമല്ല, മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസേഷൻ, പരിശോധന, ഐസൊലേഷൻ എന്നിവ തുടരണമെന്നുകൂടി ഉത്തരവ് അടിവരയിടുന്നു. രോഗത്തിന്‍റെയും പ്രദേശത്തിന്‍റെയും സ്വഭാവം കണക്കിലെടുത്ത് പ്രാദേശിക തലത്തിൽ വേഗത്തിലും സജീവവുമായ നടപടി സംസ്ഥാനങ്ങൾ തുടരണമെന്നും ഉത്തരവിലുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ 2020 ഫെബ്രുവരി 25 നാണ് ദുരന്തനിവാരണ പ്രകാരമുള്ള അനുമതി നൽകി കേന്ദ്രം ഉത്തരവിറക്കിയത്. ദുരന്ത നിവാരണ നിയമം പിൻവലിക്കുന്നതോടെ മാസ്‌ക്, ആൾക്കൂട്ടം തുടങ്ങിയവയുടെ ലംഘനത്തിന് കേസെടുക്കുന്നത് ഒഴിവാകുമെങ്കിലും അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കാണ്. സംസ്ഥാനത്ത് പൊതുപരിശോധന കുറഞ്ഞിട്ടുണ്ടെങ്കിലും മാസ്ക് ധരിക്കാത്തവർക്കെതിരെ 500 രൂപ പിഴ ചുമത്തുന്നുണ്ട്.

കേന്ദ്രനിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ ഇതിന് മാറ്റം വരുമെന്നാണ് വിലയിരുത്തൽ. മാസ്ക് മാറ്റലിന്‍റെ സാധ്യതകളെ കുറിച്ച് സർക്കാർ നേരത്തേ ആലോചന തുടങ്ങിയിരുന്നെങ്കിലും സമയമായിട്ടില്ലെന്നായിരുന്നു വിദഗ്ധ സമിതി നിലപാട്. ഇനി ഇളവുകൾക്ക് സാഹചര്യമെത്തിയാലും അടച്ചിട്ട സ്ഥലങ്ങൾ, പൊതുചടങ്ങുകൾ, പൊതുവാഹനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, തിയറ്ററുകൾ, എ.സി മുറികൾ, ആശുപത്രികൾ, എന്നിവിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന ഉപാധിയോടെ മറ്റിടങ്ങളിൽ ഭാഗികമായി മാസ്കിളവ് ഏർപ്പെടുത്തുമെന്നാണ് വിവരം. മറ്റ് രോഗങ്ങളുള്ളവർക്കും മാസ്ക് ഏർപ്പെടുത്തും.

മാസ്ക് അഴിക്കാറായില്ല -ഐ.എം.എ

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമ്പോഴും മാസ്ക് അഴിക്കാനുള്ള സമയമായിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന ഘടകം. ജൂലൈ, ആഗസ്റ്റ് മാസത്തോടെ നാലാം തരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മാസ്‌ക് ഒഴിവാക്കുന്നതിനോട് സംഘടനക്ക് ശാസ്ത്രീയമായി യോജിക്കാൻ സാധിക്കില്ലെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ളത് താൽക്കാലിക ശമനം മാത്രമാണ്. നാലാം തരംഗത്തിന്‍റെ വകഭേദം ഏതു വിധത്തിലാണെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ കോവിഡ് മുൻകരുതൽ നടപടികൾ പൂർണമായും ഒഴിവാക്കുന്നതിനോട് യോജിക്കാൻ കഴിയില്ല.

Tags:    
News Summary - No case if the mask is not worn, the restrictions are relaxed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.