ന്യൂഡൽഹി: വഖഫ് ബോർഡിനെ നിയന്ത്രിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ. അതേസമയം, മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും തൊഴിൽപരവും ആരോഗ്യപരവുമായ പുരോഗതിക്കുവേണ്ടി നിയമാനുസൃതമായി വഖഫ് ബോർഡ് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ 46ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുർക്കിയയിലും മറ്റ് പല മുസ്ലിം രാജ്യങ്ങളിലും വഖഫ് സ്വത്തുക്കൾ സർക്കാറുകളുടെ നിയന്ത്രണത്തിലാക്കിയെന്നും വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നവരോട് നിയമപ്രകാരം പ്രവർത്തിക്കാൻ മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും ജെ.പി. നഡ്ഡ പറഞ്ഞു.
ഷാബാനു കേസിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുസ്ലിം സമുദായത്തിലെ ചില വിഭാഗങ്ങളുടെ സമ്മർദത്തിന് വഴങ്ങി പ്രീണന രാഷ്ട്രീയത്തിന് കീഴടങ്ങുകയായിരുന്നു. മുസ്ലിം സ്ത്രീകളുടെ വിമോചനത്തിനായി സുപ്രീംകോടതി ആഹ്വാനം ചെയ്തിട്ടും നിർണായക നടപടി സ്വീകരിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി മുത്തലാഖ് നിർത്തലാക്കുകയും മുസ്ലിം സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്തു. പാകിസ്താനിൽ മതപരമായ പീഡനം നേരിട്ട് ഇന്ത്യയിലേക്ക് വന്നവർക്ക് മോദി സർക്കാർ പൗരത്വ അവകാശങ്ങൾ നൽകിയതായും അദ്ദേഹം പറഞ്ഞു.
നേരത്തേ പാർട്ടി ആസ്ഥാനത്ത് അദ്ദേഹം പതാക ഉയർത്തി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും എം.പിമാർ ഉൾപ്പെടെ നിരവധി നേതാക്കളും പങ്കെടുത്തു. 1951ൽ ഭാരതീയ ജനസംഘത്തിലൂടെ ആരംഭിച്ച ബി.ജെ.പിയുടെ രാഷ്ട്രീയ പ്രയാണത്തെക്കുറിച്ച് നഡ്ഡ പരാമർശിച്ചു.
പ്രത്യയശാസ്ത്രപരമായ അടിത്തറയിൽനിന്ന് വ്യതിചലിക്കാത്തതുകൊണ്ടാണ് ബി.ജെ.പി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.