ന്യൂഡൽഹി: കോടതിമുറികൾക്കകത്തും പുറത്തും ഭരണഘടന മുറുകെ പിടിക്കാനുള്ള പ്രതിജ്ഞ പുതുക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീംകോടതി വജ്രജൂബിലി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സ്ഥാപനമെന്ന നിലയിൽ ശക്തമായി നിലകൊള്ളാൻ ജുഡീഷ്യറി, വെല്ലുവിളികൾ തിരിച്ചറിയുകയും ബുദ്ധിമുട്ടേറിയ സംവാദങ്ങൾ ആരംഭിക്കുകയും വേണം. അഭിഭാഷകവൃത്തിയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിക്കുന്നത് പ്രോത്സാഹനജനകമാണ്. ഇപ്പോൾ ജില്ല ജുഡീഷ്യറിയുടെ പ്രവർത്തനശേഷിയുടെ 36.3 ശതമാനവും വനിതകളാണ്. അതേസമയം, പട്ടികജാതി-പട്ടികവർഗക്കാരുടെ പ്രാതിനിധ്യം അഭിഭാഷകരിലും ജഡ്ജിമാരിലും വളരെ കുറവാണ്.
ജുഡീഷ്യറിയെ ബാധിക്കുന്ന ഘടനപരമായ പ്രശ്നങ്ങളായ കേസുകളുടെ കെട്ടിക്കിടപ്പ്, പഴയതരം നടപടിക്രമങ്ങൾ, കേസുകളുടെ മാറ്റിവെക്കൽ സംസ്കാരം എന്നിവ ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് സമീപഭാവിയിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞു. വാക്കാലുള്ള വാദങ്ങളുടെ ദൈർഘ്യം ജുഡീഷ്യൽ ഫലങ്ങളെ അനന്തമായി വൈകിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി വളപ്പിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്വാൾ, സുപ്രീംകോടതിയിലും ഹൈകോടതികളിലും സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ ജഡ്ജിമാരും അഭിഭാഷകരും നിയമ വിദ്യാർഥികളും പങ്കെടുത്തു. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആദിഷ് സി. അഗർവാല എന്നിവരും സംബന്ധിച്ചു. ബംഗ്ലദേശ്, ഭൂട്ടാൻ, മൗറീഷ്യസ്, നേപ്പാൾ, ശ്രീലങ്ക ചീഫ് ജസ്റ്റിസുമാരും ചടങ്ങിനെത്തി. 1950 ജനുവരി 28നാണ് സുപ്രീംകോടതി നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.