ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ വിഷയത്തിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ, രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ആരംഭിച്ചു. നീറ്റ് പ്രത്യേകം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയിലെ 22 അംഗങ്ങൾ ചട്ടം 267 പ്രകാരം നോട്ടീസ് നൽകിയിരുന്നു. ഇത് പരിഗണിക്കാതെ, രാജ്യസഭ ചെയർമാൻ ജഗദീപ് ധൻഖർ നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നതോടെ സഭ പ്രക്ഷുബ്ധമായി.
സഭ തടസ്സപ്പെടുത്താൻ ഇൻഡ്യ മുന്നണിയിലെ എം.പിമാർ ഒറ്റക്കെട്ടായി നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതോടെ, ടി.എം.സി എം.പിമാരായ സാഗരിക ഘോഷ്, സാകേത് ഗോഖലെ, ഡെറിക് ഒബ്റേൻ എന്നിവരെ ചെയർമാൻ പേരെടുത്ത് വിളിച്ച് ശകാരിച്ചു.
പുതിയ തൃണമൂൽ രാജ്യസഭാംഗമായ മാധ്യമ പ്രവർത്തക സാഗരിക ഘോഷിനോട് എല്ലാ ആഴ്ചയും പത്രങ്ങളിൽ കോളമെഴുതാറുണ്ടല്ലോ എന്നും നൃത്തം ചെയ്യാനാണോ ഇവിടെ വന്നതെന്നും ചെയർമാൻ പരിഹാസ രൂപേണ ചോദിച്ചു. വിവരാവകാശ പ്രവർത്തകനായ തൃണമൂൽ എം.പി സാകേത് ഗോഖലയോട് താങ്കൾ താങ്കൾക്ക് തന്നെ ശല്യമാകരുതെന്നായിരുന്നു ചെയർമാന്റെ ഉപദേശം. സീറ്റിലേക്ക് മടങ്ങണമെന്ന ചെയർമാന്റെ ആവശ്യം പ്രതിപക്ഷം അംഗീകരിക്കാതെ വന്നതോടെ 11.30ന് അരമണിക്കൂർ നേരത്തേക്ക് സഭ പിരിഞ്ഞു.
12 മണിക്ക് വീണ്ടും ആരംഭിച്ചപ്പോൾ നന്ദി പ്രമേയ ചർച്ചക്ക് ബി.ജെ.പി അംഗത്തെ ചെയർ ക്ഷണിച്ചതോടെ, പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാൻ മുതിർന്ന അംഗവും ജെ.ഡി.എസ് നേതാവുമായ ദേവഗൗഡ ഇടപെട്ട് നീറ്റിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാകുന്നതുവരെ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും സഭ സുഗമമായി നടത്താൻ സഹകരിക്കണമെന്നും അഭ്യർഥിച്ചു. ഇത് മുഖവിലക്കെടുക്കാതെ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതിനിടെ, ചെയർമാൻ തന്നെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും സഭയുടെ നടുത്തളത്തിലിറങ്ങി.
ക്ഷുഭിതനായ ധൻഖർ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ പ്രതിപക്ഷ സഭാ നേതാവ് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതെന്നും സഭയോടുള്ള അവഹേളനമാണെന്നും കുറ്റപ്പെടുത്തി. വിഷയം എല്ലാ പാർട്ടികളിൽ നിന്നും അംഗങ്ങളുള്ള കാര്യോപദേശക സമിതിക്ക് വിടാമെന്ന് സഭാ നേതാവ് ജെ.പി. നഡ്ഡ പറഞ്ഞെങ്കിലും പ്രതിഷേധത്തിന് അയവുണ്ടായില്ല. പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്‍കരിച്ച് പുറത്തുപോയെങ്കിലും വൈകീട്ട് ആറു മണിവരെ നന്ദി പ്രമേയ ചർച്ച തുടർന്നു.
ന്യൂഡൽഹി: രാജ്യസഭയിൽ നീറ്റ് ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച ഛത്തിസ്ഗഢിൽനിന്നുള്ള കോൺഗ്രസ് വനിതാ എം.പി രക്തസമ്മർദമേറി കുഴഞ്ഞുവീണു. സ്ട്രോക്കിന് കാരണമായേക്കാവുന്ന രക്തസമ്മർദമാണ് എം.പിക്കുണ്ടായിരിക്കുന്നതെന്ന് പാർലമെന്റ് ഡോക്ടർ അറിയിച്ചതിനെതുടർന്ന് എം.പി ഫൂലോ ദേവി നേതാമിനെ ന്യൂഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജ്യസഭ ഉച്ചഭക്ഷണത്തിന് പിരിഞ്ഞശേഷം ഉച്ചക്ക് രണ്ടുമണിക്ക് വീണ്ടും ചേർന്നപ്പോൾ ഇൻഡ്യ എം.പിമാർക്കൊപ്പം നടുത്തളത്തിലിറങ്ങി സുസ്മിത ദേവ്, സാഗരിക ഘോഷ് എന്നിവർക്കൊപ്പം മുദ്രാവാക്യം വിളിക്കുകയായിരുന്നു ഫൂലോ ദേവി. 2.15ഓടെ അവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നടുത്തളത്തിലുണ്ടായിരുന്ന രേണുക ചൗധരി സഭ നിർത്തി ഡോക്ടറെ വിളിക്കാനും അവരെ ആശുപത്രിയിലെത്തിക്കാനും ചെയർമാനോട് ആവശ്യപ്പെട്ടു. അംഗങ്ങളുടെ അമ്പരപ്പിനിടയിൽ അൽപനേരത്തേക്ക് സഭ നിർത്തിവെച്ച ചെയർമാൻ അവരെ സ്ട്രച്ചറിൽ സഭക്ക് പുറത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ നിർത്തിവെച്ച ചർച്ച തുടരാനായി വീണ്ടും ബി.ജെ.പി എം.പിയെ വിളിച്ചു.
ഇതിൽ ക്ഷുഭിതരായ പ്രതിപക്ഷ നേതാക്കളായ തിരുച്ചി ശിവ, ഡെറിക് ഒബ്റേൻ, രേണുകാ ചൗധരി, സാകേത് ഗോഖലെ എന്നിവർ ചെയർമാന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കുറ്റപ്പെടുത്തി സഭ ബഹിഷ്‍കരിച്ച് ഇറങ്ങിപ്പോയി. ജനാധിപത്യത്തിന്റെ ഘാതകരാണ് നിങ്ങളെന്ന് ഇറങ്ങിപ്പോകും മുമ്പ് ഡെറിക് ഒബ്റേൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഡെങ്കു ബാധിതയായിരുന്ന ഫൂലോ ദേവി ഈയിടെയാണ് രോഗമുക്തി നേടിയതെന്നും അതുകൊണ്ടാണ് രക്തസമ്മർദം കൂടിയതെന്നും രേണുക ചൗധരി പറഞ്ഞു. ഒരു അംഗം നടുത്തളത്തിൽ കുഴഞ്ഞു വീണിട്ടുപോലും സഭ നിർത്തിവെക്കാത്തവരിൽ എന്ത് മനുഷ്യത്വമാണ് അവശേഷിക്കുന്നതെന്ന് രേണുക ചൗധരി ചോദിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവരടക്കമുള്ള നേതാക്കൾ ഫൂലോമിനെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.