ന്യൂഡൽഹി: വൺ റാങ്ക്, വൺ പെൻഷൻ (ഒ.ആ.ർഒ.പി) കുടിശ്ശിക നാല് ഗഡുക്കളായി നൽകുമെന്ന് വിജ്ഞാപനം നൽകി പ്രതിരോധ മന്ത്രാലയത്തിന് നിയമം കൈയിലെടുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ജനുവരി 20 ന് ഇറക്കിയ ഈ വിജ്ഞാപനം ഉടനടി പിൻവലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
കുടിശ്ശികയുടെ ഒരു ഗഡു കേന്ദ്രസർക്കാർ നൽകിക്കഴിഞ്ഞുവെന്നും ബാക്കി തുക നൽകാൻ കൂടുതൽ സമയം ആവശ്യമാണെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി പറഞ്ഞു. ആദ്യം വൺ റാങ്ക് വൺ പെൻഷൻ കുടിശ്ശിക ഗഡുക്കളായി നൽകാമെന്ന വിജ്ഞാപനം പിൻവലിക്കുക. കൂടുതൽ സമയം വേണമെന്ന നിങ്ങളുടെ അപേക്ഷ അതിനുശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
പ്രതിരോധ മന്ത്രാലയത്തിന്റെ വിജ്ഞാപനം കോടതി വിധിക്ക് പൂർണമായും വിരുദ്ധമാണ്. പെൻഷൻ കുടിശ്ശിക ഗഡുക്കളായി നൽകാമെന്ന് ഏകപക്ഷീയമായി പറയാൻ മന്ത്രാലയത്തിന് സാധിക്കില്ല. നൽകാനുള്ള തുക, തുക നൽകാൻ സ്വീകരിച്ച നടപടി ക്രമങ്ങൾ, കുടിശ്ശിക നൽകാനുള്ള മുൻഗണനാ ക്രമം എന്നിവ സംബന്ധിച്ച് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദ വിവരങ്ങൾ നൽകണമെന്ന് അറ്റോർണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു.
ചില വർഗീകരണം ആവശ്യമാണ്. പ്രായമായവർക്ക് ആദ്യം കുടിശ്ശിക ലഭിക്കണം. നിയമ നടപടികൾ ആരംഭിച്ചതിന് ശേഷം നാലു ലക്ഷം പെൻഷൻകാർ മരിച്ചു കഴിഞ്ഞു. -കോടതി വ്യക്തമാക്കി.
കുടിശ്ശിക ഗഡുവായി നൽകുമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എക്സ്‍ സർവീസ്മെൻ മൂവ്മെന്റ് നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.