ശ്രീനഗർ: പീപ്ൾസ് കോൺഫറൻസ് ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് നാലാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു. പാർട്ടി അധ്യക്ഷൻ സജാദ് ലോൺ ഹന്ദ്വാര, കുപ്വാര എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീരിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഏഴുപേരടങ്ങുന്ന പട്ടിക പുറത്തിറക്കിയത്.
ഇംറാൻ റിസ അൻസാരി (പഠാൻ), അഡ്വ. ബഷീർ അഹ്മദ് ദർ (ത്രെഹ്ഗാം), ഇർഫാൻ പണ്ഡിത്പുരി (ലങ്ഗട്ട്), ഡോ. നാസിർ അവാൻ (കർനാഹ്), മുദ്ദസിർ അക്ബർ ഷാ (ലോലബ്) എന്നിവരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഹന്ദ്വാര നിയമസഭ മണ്ഡലത്തിൽ കൂടുതൽ വോട്ട് നേടിയത് സജാദ് ലോൺ ആണ്. പാർട്ടിയുടെ ശക്തികേന്ദ്രമായ ഇവിടെ അദ്ദേഹത്തിന് വിജയപ്രതീക്ഷയുണ്ട്.
ജമ്മു: ഭരണഘടനയുടെ 370ാം വകുപ്പ് ചരിത്രമായെന്നും ഇനി തിരിച്ചുവരവില്ലെന്നും പ്രഖ്യാപിച്ച് ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടന പത്രിക പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 10 വർഷം രാജ്യത്തിന്റെയും ജമ്മു-കശ്മീരിന്റെയും ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 2019ൽ 370ാം വകുപ്പ് എടുത്തുകളഞ്ഞ് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ച ശേഷം ആദ്യമായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്നു ഘട്ടങ്ങളായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.