ജന്തർ മന്തറിൽ സംഘർഷം; ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ന്യൂഡൽഡി: ജന്തർ മന്തറിൽനിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കം പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ജന്തര്‍മന്തറില്‍നിന്ന് പുറത്തുകടക്കാന്‍ പൊലീസ് അനുവദിക്കാത്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.

പല താരങ്ങളും ബാരിക്കേഡുകൾ മറികടന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബലംപ്രയോഗിച്ചു. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് മർദിച്ചതായി അവർ ആരോപിച്ചു. ഗുസ്തി താരങ്ങൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഉദ്ഘാടന ദിവസം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു ഗുസ്തി താരങ്ങളുടെ നീക്കം.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പാര്‍ലമെന്‍റിന് മുന്നില്‍ മഹിള മഹാപഞ്ചായത്ത് നടത്തുമെന്ന് കര്‍ഷകരും അറിയിച്ചിരുന്നു. എന്നാല്‍ പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അംഗങ്ങളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും ജന്തർ മന്തറിലും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തിയില്‍ വാഹനങ്ങൾ പരിശോധനകൾക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്. ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായെത്തുന്ന കർഷകരെ തിരിച്ചയക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

പാർലമെന്‍റിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷ ശക്തമാക്കി. സമരത്തിനു പിന്തുണയുമായെത്തിയ സ്ത്രീകൾ തങ്ങിയ അംബാലയിലെ ഗുരുദ്വാരയിൽ പൊലീസ് പരിശോധന നടത്തി ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

Tags:    
News Summary - Police stopped the march of wrestlers; Clash at Jantar Mantar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.