പ്രധാനമന്ത്രിയാകാൻ തന്നേക്കാൾ യോഗ്യൻ പ്രണബായിരുന്നു: മൻമോഹൻസിങ്

ന്യൂഡൽഹി: 2004ലെ യു.പി.എ സർക്കാറിനെ നയിക്കാൻ കൂടുതൽ യോഗ്യൻ പ്രണബ് മുഖർജിയിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇക്കാര്യത്തിൽ പക്ഷെ തനിക്ക് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനമായിരുന്നു അതെന്നും മൻമോഹൻ വ്യക്തമാക്കി. 'യോജിപ്പിന്‍റെ വർഷങ്ങൾ' എന്ന പ്രണബ് മുഖർജിയുടെ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്.

ഇക്കാര്യത്തിൽ പ്രണബിന് വിഷമം ഉണ്ടായെങ്കിൽ അത് ന്യായമാണ്. എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം മറ്റ് പോംവഴികളില്ലായിരുന്നുവെന്ന് മുഖർജിക്ക് അറിയാമായിരുന്നു എന്നും മൻമോഹൻ വ്യക്തമാക്കി. സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, സുധാകർ റെഡ്ഢി, കനിമൊഴി, സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടക്കമുള്ള സദസ്സിൽ ഈ അഭിപ്രായപ്രകടനം പൊട്ടിച്ചിരിക്ക് വഴിവെച്ചു.

പ്രണബ് രാഷ്ട്രീയമാണ് തന്‍റെ വഴിയെന്ന് തിരിച്ചറിയുകയും അത് തെരഞ്ഞെടുക്കുകയും ചെയ്തയാളാണ്. എന്നാൽ താൻ യാദൃശ്ചികമായി രാഷ്ട്രീയത്തിൽ എത്തിപ്പെട്ടയാളാണ്. പ്രധാനമന്ത്രി നരസിംഹറാവു തന്നോട് ധനമന്ത്രിയാകാൻ ആവശ്യപ്പെടുകയായിരുന്നു.

യു.പി.എ സർക്കാറിന്‍റെ കാലത്തെ കൂട്ടുക്ഷിമന്ത്രിസഭയെ പ്രശ്നരഹിതമായി കൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിച്ച മുഖർജിയോട് താൻ കടപ്പെട്ടിരിക്കുന്നു. യു.പി.എ കൂട്ടുകെട്ട് ശാന്തമായി കൊണ്ടുപോകാൻ കഴിഞ്ഞതിന്‍റെ ക്രെഡിറ്റ് മുഖർജിക്ക് അവകാശപ്പെട്ടതാണെന്നും മൻമോഹൻസിങ് പറഞ്ഞു.

ബി.ജെ.പി ഇതര കക്ഷികളുടെ ഒത്തുചേരലിനാണ് പുസ്തക പ്രകാശന ചടങ്ങ് സാക്ഷ്യം വഹിച്ചത്. ജനാധിപത്യം ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിൽ ബി.ജെ.പിക്കെതിരായ സഖ്യത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് സി.പി.ഐ ജനറൽ സെക്രട്ടറി  സുധാകർ റെഡ്ഢി അഭിപ്രായപ്പെട്ടു. കൂട്ടുകക്ഷി മന്ത്രിസഭയെക്കുറിച്ചുള്ള പ്രണബിന്‍റെ പാഠങ്ങൾ വരുന്ന 2019 തെരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുമെന്ന് മുൻ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.

Tags:    
News Summary - Pranab was better qualified than me to be PM: Manmohan Singh-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.