ന്യൂഡൽഹി: രാഷ്ട്രീയത്തിലെ തന്റെ അടുത്ത നീക്കം എന്താണെന്ന കാര്യത്തിൽ ഇനിയും സസ്‍പെൻസ് അവസാനിപ്പിച്ചിട്ടില്ല തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തിങ്കളാഴ്ച രാവിലെ പ്രശാന്ത് കിഷോറിന്റെ ട്വിറ്റർ ഹാൻഡ്‍ലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെ ചുറ്റിപ്പറ്റിയാണ് പുതിയ അഭ്യൂഹങ്ങൾ. യഥാർഥ പ്രശ്‌നങ്ങൾ മനസിലാക്കാൻ താൻ യഥാർഥ യജമാനന്മാരായ ജനങ്ങളിലേക്ക് തിരിയുമെന്നാണ് പ്രശാന്തിന്റെ ട്വീറ്റ്. തന്റെ അന്വേഷണം ബിഹാറിൽ നിന്ന് ആരംഭിക്കുമെന്നും അദ്ദേഹം എഴുതി.
ഈ ട്വീറ്റാണ് പ്രശാന്ത് കിഷോർ പാർട്ടി രൂപീകരിക്കാൻ പോകുന്നുവെന്ന തരത്തിൽ വിലയിരുത്തപ്പെടുന്നത്. അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ അതോ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.പ്രശാന്ത് കിഷോർ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മുൻറോളുകളിലല്ലാതെ താൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തുടരുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
'ജൻസുരാജ്' എന്ന വാക്കും അദ്ദേഹം ട്വീറ്റിനൊപ്പം ഉപയോഗിച്ചത് അഭ്യൂഹങ്ങൾക്കു കാരണമായി. 'ജൻസുരാജ്' എന്നത് പാർട്ടിയാണോ അതോ രാഷ്ട്രീയ നീക്കമാണോ എന്നതറിയാനാണ് ആളുകളുടെ ആകാംക്ഷ. ബിഹാറില്‍ നേരത്തെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡിനൊപ്പം പ്രശാന്ത് പ്രവർത്തിച്ചിരുന്നു.
പാർട്ടിയിൽ ചേരാനുള്ള കോൺഗ്രസിന്റെ വാഗ്ദാനം നിരസിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പ്രശാന്തിന്റെ ട്വീറ്റ്. കോൺഗ്രസിന് സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നും തന്റെ ആവശ്യമില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.