ന്യൂഡൽഹി: ലോക്സഭയിൽ ഭരണഘടന ചർച്ചക്ക് തുടക്കമിട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിങ് നടത്തിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കന്നി പ്രസംഗത്തിൽ തന്നെ പ്രിയങ്ക തുല്യനാണയത്തിൽ മറുപടി നൽകി. പ്രജകളുടെ സ്ഥിതിയറിയാൻ വേഷം മാറി നടന്ന രാജാവിന്റെ കഥ കുട്ടിക്കാലത്ത് കേട്ടത് പറഞ്ഞ പ്രിയങ്ക ഇന്നത്തെ രാജാവും വേഷം മാറുന്നുണ്ടെന്ന് പറഞ്ഞു.
എന്നാൽ, ഇന്നത്തെ രാജാവിന് ജനങ്ങൾക്കിടയിലേക്ക് പോകാനോ അവരെക്കുറിച്ച് ചിന്തിക്കാനോ ധൈര്യമില്ലെന്ന് പറഞ്ഞ അവർ സഭയെ ചിരിപ്പിച്ചു. പ്രതിപക്ഷത്തുനിന്ന് ആരെങ്കിലും ഭരണപക്ഷത്തേക്ക് പോയാൽ എല്ലാം കഴുകിക്കളയുന്ന വാഷിങ് മെഷീൻ അവരുടെ കൈയിൽ ഉള്ള കാര്യം ജനങ്ങൾക്കറിയാമെന്ന് പറഞ്ഞു. സഭാംഗങ്ങൾ ഉറക്കെ ചിരിച്ചാണ് അതിനെ വരവേറ്റത്. പ്രതിപക്ഷത്തെ അഴുക്ക് ഭരണപക്ഷത്തിന് ശുദ്ധമാണ്. അപ്പുറത്തേക്ക് പോയ പല കൂട്ടുകാരെയും ബി.ജെ.പിയുടെ വാഷിങ് മെഷീനിലിട്ട ശേഷം പിന്നെ കണ്ടിട്ടില്ലെന്ന് പ്രിയങ്ക പരിഹസിച്ചു.
പ്രിയങ്ക ഗാന്ധി വാദ്രയുടെ പേര് സ്പീക്കർ വിളിച്ചതു തൊട്ട് നിശ്ശബ്ദമായിരുന്നു സഭ. പ്രസംഗം തീരുന്നതു വരെ സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത. ഒരുവേള പ്രസംഗം തടസ്സപ്പെടുത്താൻ മുൻ വാർത്തവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ എഴുന്നേറ്റുനിന്ന് ഒച്ച വെച്ചു. സ്വിച്ചിട്ടപോലെ പ്രതിപക്ഷം എഴുന്നേറ്റതോടെ രാജ്നാഥ് ഇടപെട്ടു. ഠാക്കൂറിനെ ഇരുത്തി.
പണത്തിന്റെ ബലത്തിൽ സർക്കാറുകളെ അട്ടിമറിച്ചതിനെപ്പറ്റിയായി പ്രിയങ്ക. അതിനിടെ ഭരണഘടനയെക്കുറിച്ച് നിർമാണാത്മകമായ ചർച്ച നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് സ്പീക്കർ ഇടപെട്ടു. വീണ്ടും പ്രതിപക്ഷ ബെഞ്ച് സട കുടഞ്ഞു. എം.പിമാർ ഒന്നടങ്കം എണീറ്റ് നടപടി ചോദ്യം ചെയ്തതോടെ ചെയറും നിശ്ശബ്ദമായി. പ്രസംഗം കഴിഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും പേരമകൻ റൈഹാനും ഒപ്പം സന്ദർശക ഗാലറിയിൽനിന്ന് ഇറങ്ങിവന്ന സോണിയ ഗാന്ധി സഭയിലെ നിശ്ശബ്ദതയിൽ ആശ്ചര്യം പ്രകടിപ്പിച്ചു. ലോക്സഭയിൽ ഇത്രയും കാലമിരുന്നിട്ടും ഇത്രയും ശാന്തതയും നിശ്ശബ്ദതയും താൻ കണ്ടിട്ടില്ലെന്ന് സോണിയ പറഞ്ഞപ്പോൾ ഖാർഗെയും അത് ശരിവെച്ചു.
ഈ രാജ്യം ഭയത്തോടെയല്ല, ധൈര്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. പേടിപ്പിച്ച് പേടിപ്പിച്ച് ഇനി പേടിപ്പിക്കാൻ കൈയിൽ ഒന്നുമില്ലെന്ന് അവർക്ക് തോന്നിത്തുടങ്ങി. ഭയമില്ലാതാകുന്നതോടെ കൈവരിക്കുന്ന ശക്തിക്ക് മുന്നിൽ ഒരു ഭീരുവിനും നിൽക്കാനാവില്ല. ഈ രാജ്യം ഭീരുക്കളുടെ കൈയിൽ അധികകാലം നിൽക്കില്ല. ഈ രാജ്യം എഴുന്നേറ്റുനിന്ന് പോരാടും. സത്യം തെരഞ്ഞെടുക്കും. സത്യമേ ജയിക്കൂ... പ്രിയങ്ക പ്രസംഗം ഉപസംഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.