പനജി: ക്രിസ്ത്യൻ സഭയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പിനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ മുൻ ഗോവ ആർ.എസ്.എസ് തലവൻ സുഭാഷ് വെലിങ്കർ നടത്തിയ പരാമർശത്തിൽ പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം. സുഭാഷിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ശനിയാഴ്ച രാത്രി തെക്കൻ ഗോവയിലെ മഡ്ഗാവിൽ ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഞായറാഴ്ചയും വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു.
സുഭാഷ് വെലിങ്കറിന്റെ അപകീർത്തികരമായ പ്രസ്താവനയെ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് ആൻഡ് പീസ് (സി.എസ്.ജെ.പി) എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ. സാവിയോ ഫെർണാണ്ടസ് അപലപിച്ചു. അതേസമയം, സാമുദായിക സൗഹാർദവും സമാധാനവും നിലനിർത്തുന്നതിന് സംയമനം പാലിക്കണമെന്ന് അദ്ദേഹം പ്രതിഷേധരംഗത്തുള്ളവരോട് ആവശ്യപ്പെട്ടു. സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ച സുഭാഷ് വെലിങ്കർക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
മുൻകൂർ ജാമ്യം തേടി സുഭാഷ് വെലിങ്കർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം അനുവദിക്കാൻ വിസമ്മതിച്ച കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും. അതിനിടെ, വിവാദ പരാമർശത്തിനെതിരെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ബോധപൂർവം സാമുദായിക സംഘർഷമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇതിനെതിരെ ജനങ്ങൾ രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി സൗന്ദര്യവും വിവിധ ജനവിഭാഗങ്ങളുടെ ഐക്യവുമാണ് ഗോവയുടെ സവിശേഷത. എന്നാൽ, ബി.ജെ.പി ഭരണത്തിൻകീഴിൽ സംസ്ഥാനത്തെ സൗഹാർദവും ഐക്യവും ഭീഷണി നേരിടുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.