അദാനി 103, അംബാനി 30: രാഹുലിന്റെ പ്രസംഗത്തിൽ പരാമർശിച്ചത് എണ്ണിപ്പറഞ്ഞ് കോൺഗ്രസ്

ന്യൂഡൽഹി: അദാനിയിൽനിന്നും അംബാനിയിൽനിന്നും കള്ളപ്പണം കൈപ്പറ്റിയ ശേഷം രാഹുൽ ഗാന്ധിയും കോൺഗ്രസും ഇരുവരെക്കുറിച്ചും ഒന്നും മിണ്ടുന്നില്ലെന്ന മോദിയുടെ ആരോപണത്തിന് കണക്കുകൾ നിരത്തി മറുപടിയുമായി കോൺഗ്രസ്. 2024 ഏപ്രിൽ 3 മുതൽ അദാനിയെ കുറിച്ച് 103 തവണയും അംബാനിയെക്കുറിച്ച് 30 തവണയും രാഹുൽ ഗാന്ധി തന്റെ പ്രസംഗങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.

2 ലക്ഷം കോടിയോളം വരുന്ന ‘മൊദാനി’ കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാൻ ജൂൺ 4ന് ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാലുടൻ ജോയിന്റ് പാർലമെന്റ് കമ്മിറ്റി രൂപവത്കരിക്കുമെന്ന് രാഹുൽ പറഞ്ഞതും അദ്ദേഹം ഒാർമിപ്പിച്ചു. ‘‘2023 ജനുവരി 28 മുതൽ, മൊദാനി അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ സംയുക്ത പാർലമെൻ്ററി കമ്മിറ്റി (ജെപിസി) രൂപവത്കരിക്കണമെന്ന് കോൺഗ്രസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷവും ഞങ്ങൾ ഈ ആവശ്യം ആവർത്തിച്ചു. 2024 ഏപ്രിൽ 23നും മേയ് മൂന്നിനും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.

അദാനിക്ക് വേണ്ടി മോദി സർക്കാർ അധികാര ദുർവിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് ഉന്നയിച്ച നൂറിലേറെ ചോദ്യങ്ങൾക്ക് മോദി ഇതുവരെ ഉത്തരം നൽകിയിട്ടി​ല്ലെന്ന കാര്യവും കോൺഗ്രസ് ഒാർമിപ്പിച്ചു. 

‘തോൽവി ഭയന്ന് ‘പാപ്പ’ സ്വന്തം മക്കളുടെ നേരെ തിരിയുന്നു’

ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് മോദി സ്വന്തം മക്കളുടെ നേരെ തിരിയുകയാണെന്ന് ജയ്റാം രമേശ് പരിഹസിച്ചു. ‘നാം രണ്ട്, നമുക്ക് രണ്ട് സംഘത്തിലെ ‘പാപ്പ’ (മോദി) സ്വന്തം മക്കളുടെ നേരെ തിരിയുന്ന തരത്തിൽ ഈ തെരഞ്ഞെടുപ്പിന്റെ തിരയിളക്കം കടുത്തിരിക്കുന്നു. തോൽവി മുന്നിൽക്കണ്ട് പ്രധാനമന്ത്രി ഇപ്പോൾ സ്വന്തം നിഴലിനെ പോലും പരിഭ്രമ​ത്തോടെയാണ് കാണുന്നത്’ -അദ്ദേഹം പറഞ്ഞു.

‘ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി പോലും പ്രഖ്യാപിച്ച നികൃഷ്ടമായ അഴിമതിയായ ഇലക്ടറൽ ബോണ്ടിലൂടെ പാർട്ടിക്ക് വേണ്ടി 8,200 കോടി രൂപ പിരിച്ചെടുത്തയാൾ ഇന്ന് മറ്റുള്ളവർക്കെതിരെ ആരോപണം ഉന്നയിക്കുന്നു. പ്രധാനമന്ത്രി തന്റെ സുഹൃത്തുക്കൾക്ക് 4 ലക്ഷം കോടി രൂപയുടെ കരാറുകളും ലൈസൻസുകളും നൽകിയിട്ടുണ്ടെന്ന് ഓർക്കുക. ഇന്ന് 70 കോടി ഇന്ത്യക്കാരുടെ പക്കലുള്ള അത്രയും സമ്പത്ത് 21 ഇന്ത്യൻ ശതകോടീശ്വരന്മാർക്കുണ്ടെങ്കിൽ അതിന് കാരണക്കാരൻ പ്രധാനമന്ത്രിയാണ്. ആ 21 ലെ പ്രധാന വ്യക്തികൾ "ഹമാരേ ദോ" ആണെന്ന് പറയാതെ വയ്യ’ -ജയ്റാം രമേശ് പറഞ്ഞു. 

Tags:    
News Summary - Rahul Gandhi mentioned Adani 103 times and Ambani more than 30 times in his speeches -Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.