‘നിങ്ങളുടെ വേദന ഞങ്ങളറിയുന്നു; സ്നേഹവും സമാധാനവും തിരിച്ചുകൊണ്ടുവരും’; മണിപ്പൂരിലെ ജനങ്ങളോട് രാഹുൽ ഗാന്ധി

ഇംഫാൽ: എല്ലാ വേദനകൾക്കുമപ്പുറം മണിപ്പൂരിൽ ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. മണിപ്പൂരിലെ തൗബാലിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്തത് ലജ്ജാകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


‘നിങ്ങൾ കടന്നുപോകുന്ന വേദനയുടെ ആഴം ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. ആ മുറിവുകളും നൊമ്പരങ്ങളും ഞങ്ങളറിയുന്നു. ഈ നാട് മുമ്പ് അറിയപ്പെട്ടിരുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പേരിലായിരുന്നു. അത് ഞങ്ങൾ തിരിച്ചുകൊണ്ടുവരും’ -രാഹുൽ പറഞ്ഞു.  

 മണിപ്പൂരിൽ അടിസ്ഥാന സർക്കാർ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടു. ഭാരത് ജോഡോ ന്യായ് യാത്ര എവിടെ നിന്ന് തുടങ്ങണമെന്ന ചർച്ചയിൽ മണിപ്പൂരിൽ നിന്ന് മാത്രമേ യാത്ര ആരംഭിക്കാൻ കഴിയൂ എന്ന് ഞാൻ പറഞ്ഞു. രാജ്യം വലിയ അനീതിയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി അനീതികളടക്കം അതിലുണ്ട് -രാഹുൽ പറഞ്ഞു.


മണിപ്പൂരിനെ ഇന്ത്യയുടെ രത്‌നമെന്നാണ് ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ചതെന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജവഹർലാൽ നെഹ്‌റു മണിപ്പൂർ സന്ദർശിച്ചപ്പോൾ ഇന്ത്യയുടെ രത്‌നമെന്നാണ് മണിപ്പൂരിനെ വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇക്കാര്യം ആവർത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ വോട്ട് തേടാൻ വന്നു. എന്നാൽ മണിപ്പൂരിലെ ജനങ്ങൾ വേദനിക്കുമ്പോൾ വന്നില്ല.

പാർലമെന്റിലെ എംപിമാരുടെ സസ്‌പെൻഷൻ വിഷയത്തെക്കുറിച്ചും ഖാർഗെ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. ജനാധിപത്യവിരുദ്ധമായ നടപടിയാണ് അത്. ഞങ്ങൾ അതിനെതിരെ പോരാടിയെങ്കിലും കേന്ദ്ര സർക്കാർ ഞങ്ങളെ ചെവിക്കൊണ്ടില്ല... നമ്മുടെ രാജ്യത്ത് ഏകാധിപത്യ മനോഭാവമാണ് പ്രവർത്തിക്കുന്നത്. ഭരണഘടന സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി പോരാടുന്നത്. ബി.ജെ.പി മതത്തെ രാഷ്ട്രീയത്തിൽ കലർത്തുകയാണ് ചെയ്യുന്നത്. മതേതരത്വത്തിനും സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയാണ് നമ്മൽ പോരാടുന്നത് -ഖാർഗെ പറഞ്ഞു.


തീരുമാനിച്ചതിലും ഏറെ വൈകിയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് തൗബാലിൽ ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കമായത്. ഉച്ചക്ക് 12നാണ് ഫ്ലാഗ് ഓഫ് നടത്തി ഇന്ന് തന്നെ മണിപ്പൂരിലെ പര്യടനം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഏറെ വൈകിയാണ് രാഹുലിനും സംഘത്തിനും ഡൽഹിയിൽനിന്നും മണിപ്പൂരിലെത്താനായത്. ഡൽഹിയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇംഫാലിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകുകയായിരുന്നു.

100 ലോക്സഭ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മൊത്തം 6713 കിലോമീറ്റർ പിന്നിടും. 110 ജില്ലകളിലൂടെയും 337 അസംബ്ലി മണ്ഡലങ്ങളിലൂടെയുമാണ് യാത്ര. 67 ദിവസത്തിനൊടുവിൽ മാർച്ച് 20ന് യാത്ര മുംബൈയിൽ സമാപിക്കും.

Tags:    
News Summary - Rahul Gandhi speech in Nyay Yatra Imphal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.