ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ റെയിൽവേ വികസനത്തിനായി കേരളത്തിന് വകയിരുത്തിയത് 3,011 കോടി രൂപ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കേരളത്തിനായി 3,011 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അറിയിച്ചത്.യു.പി.എ കാലത്ത് 372 കോടി രൂപയാണ് കേരളത്തിൽ റെയിൽവേക്കുവേണ്ടി അനുവദിച്ചതെന്നും ഇതിന്റെ എട്ട് മടങ്ങാണ് ഇക്കുറി പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.തുക വകയിരുത്തിയത് ഏതൊക്കെ പദ്ധതികൾക്ക്...
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ റെയിൽവേ വികസനത്തിനായി കേരളത്തിന് വകയിരുത്തിയത് 3,011 കോടി രൂപ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കേരളത്തിനായി 3,011 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അറിയിച്ചത്.യു.പി.എ കാലത്ത് 372 കോടി രൂപയാണ് കേരളത്തിൽ റെയിൽവേക്കുവേണ്ടി അനുവദിച്ചതെന്നും ഇതിന്റെ എട്ട് മടങ്ങാണ് ഇക്കുറി പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
തുക വകയിരുത്തിയത് ഏതൊക്കെ പദ്ധതികൾക്ക് വേണ്ടിയാണെന്ന് വിശദീകരിക്കാൻ മന്ത്രി തയാറായില്ല. കേരളത്തിൽ നിലവിൽ എട്ട് പദ്ധതികൾക്കായി 12,350 കോടി രൂപ ചെലവഴിക്കുന്നുണ്ട്. വൈദ്യുതീകരണം 100 ശതമാനം പൂർത്തിയാക്കി. 10 വർഷത്തിനിടെ 106 അടിപ്പാതകളും മേൽപ്പാതകളും കേരളത്തിൽ റെയിൽവേ പൂർത്തീകരിച്ചിട്ടുണ്ട്. അമൃത് പദ്ധതിയിൽ സംസ്ഥാനത്ത് 35 സ്റ്റേഷനുകളുടെ പ്രവർത്തനം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള യാതൊരു നീക്കവും നടക്കുന്നില്ല. പ്രചരിക്കുന്നത് അടിസ്ഥാനരഹിത വിവരങ്ങളാണ്. വന്ദേഭാരതിന് വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നുവെന്നതും തെറ്റായ വിവരമാണ്. ശബരി റെയിൽവേ പുതിയ അലൈൻമെന്റായ ചെങ്ങന്നൂർ- പമ്പ പാത സംബന്ധിച്ച സർവേ പൂർത്തിയായിട്ടുണ്ട്. ഏതാണ് മികച്ചതെന്ന് നോക്കി തീരുമാനമെടുക്കും.
കേരളത്തിൽ പദ്ധതികൾ വൈകാൻ കാരണം ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കുരുക്കാണ്. നിലവിൽ കേരളത്തിലെ എല്ലാ പദ്ധതികൾക്കുമായി 459 ഹെക്ടർ ഭൂമിയാണ് വേണ്ടത്. എന്നാൽ, 62 ഹെക്ടർ മാത്രമാണ് ലഭ്യമായിട്ടുള്ളൂ. പുതിയ 2,500 കോച്ചുകളുടെ നിർമാണം നടക്കുന്നുണ്ട്. അവ ലഭ്യമാകുന്നതോടെ ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം കൂടുകയും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. സിൽവർ ലൈൻ പദ്ധതി, തിരുവനന്തപുരത്ത് അഴുക്കുചാലിൽ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ച വിഷയങ്ങളിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.