ചെന്നൈ: ബ്രിട്ടീഷ് കോളനി ഭരണത്തിൽനിന്ന് രാജ്യത്തിന് മോചനം നൽകിയ നീണ്ട സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പങ്കാളിത്തം അവകാശപ്പെട്ട് രംഗത്തുവരാറുള്ള പലരുടെയും വാദം പൊള്ളയാണെന്ന് ചരിത്രം തെളിയിച്ചതിനുപിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ ചരിത്ര പണ്ഡിതനും ബോംബെ ഐ.ഐ.ടി മുൻ സീനിയർ മെഡിക്കൽ ഓഫീസറുമായ രാം പുനിയാനി. താനും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്പേയിയുടെ വാദം പാതി മാത്രം ശരിയാണെന്നും ഒരു സമരത്തിന്‍റെ ഭാഗമായി അറസ്റ്റിലായപ്പോൾ മാപ്പപേക്ഷ നൽകി രക്ഷപ്പെടുകയായിരുന്നുവെന്നും മദ്രാസ് കൊറിയറിൽ എഴുതിയ ലേഖനത്തിൽ രാംപുനിയാനി വ്യക്തമാക്കുന്നു.
ജന്മനാടായ ബടേശ്വറിൽ ബ്രിട്ടീഷ് വിരുദ്ധ പ്രകടനം നടന്നപ്പോൾ കാഴ്ചക്കാരനായി വാജ്പേയിയും ഉണ്ടായിരുന്നു. സമരക്കാരെ ലാത്തിച്ചാർജ് ചെയ്ത് നീക്കിയ പൊലീസ് പ്രക്ഷോഭകർക്കൊപ്പം നീങ്ങിയ വാജ്പേയിയെയും അറസ്റ്റ് ചെയ്തു. ജയിലിൽനിന്ന് പുറത്തുകടക്കാൻ അതിവേഗം മാപ്പപേക്ഷ നൽകിയെന്നു മാത്രമല്ല, സമരക്കാരുടെ ഭാഗമല്ലെന്നും അതിൽ പ്രേത്യകം പറഞ്ഞു. സമരത്തിന് നേതൃത്വം നൽകിയവരുടെ പേരുകൾ കൂടി പൊലീസിനെ അറിയിക്കുകയും ചെയ്താണ് രക്ഷപ്പെട്ടതെന്ന് രാം പുനിയാനി പറയുന്നു.
സ്വാതന്ത്ര്യ സമരത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) പങ്കാളിത്തം അവകാശപ്പെടാറുണ്ടെങ്കിലും ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാജിനു കീഴിെല ബോംബെ സർക്കാർ തയാറാക്കിയ കുറിപ്പിൽ നേരെ തിരിച്ചു പറയുന്നതായും ലേഖനത്തിലുണ്ട്. ''നിയമം പാലിച്ച് മുന്നോട്ടുപോകുന്നതിൽ കണിശത സൂക്ഷിച്ച സംഘ് 1942ൽ ആഗസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽനിന്ന് വിട്ടുനിന്നിട്ടുണ്ട്''- സർക്കാർ കുറിപ്പ് പറയുന്നു. സ്വാതന്ത്ര്യ സമരത്തെ ആ പേരിനു പകരം ''പ്രാദേശിക ദേശീയവാദം' എന്നു വിളിക്കണമെന്നായിരുന്നു ആർ.എസ്.എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ ആവശ്യം. ''ബഞ്ച് ഓഫ് തോട്ട്സ്' എന്ന തന്‍റെ പുസ്തകത്തിലാണ് ഈ പരാമർശം. സൈനിക പരിശീലനവും യുനിഫോമും ഒഴിവാക്കാൻ ബ്രിട്ടീഷ് സർക്കാർ നൽകിയ നിർേദശം ആർ.എസ്.എസ് പാലിച്ചിരുന്നതായും രാം പുനിയാനി ലേഖനത്തിൽ പറയുന്നു.
ആർ.എസ്.എസ് നേതാക്കളിൽ വിനായക് ദാമോദർ സവർകറും ഹെഡ്ഗേവാറും സമരത്തിന്‍റെ ഭാഗമായിരുന്നതും ലേഖനം ഉദ്ധരിക്കുന്നുണ്ട്. എന്നാൽ, ആന്തമാൻ ജയിലിലായ സവർകർ അതിവേഗം മാപ്പപേക്ഷ നൽകി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായിട്ടില്ല. പകരം, ബ്രിട്ടീഷുകാർക്കുവേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യുന്ന ജോലി ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് സുഭാഷ് ബോസ് ഐ.എൻ.എക്ക് രൂപം നൽകിയ അതേ സമയത്തായിരുന്നു സവർകറുടെ തിരിച്ചുള്ള നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.