ന്യൂഡൽഹി: ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളിൽ ഒരാളായിരുന്നു അന്തരിച്ച രത്തൻ ടാറ്റ. എന്നാൽ, ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഒരിക്കലും പ്രത്യക്ഷപ്പെട്ടില്ല. ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 30 കമ്പനികളെ നിയന്ത്രിച്ച ആ മനുഷ്യൻ ആഡംബരമില്ലാതെ ജീവിച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
മതേതര ജീവിതം നയിച്ച വിശുദ്ധനായി ചിലർ രത്തൻ ടാറ്റയെ വിശേഷിപ്പിച്ചിരുന്നു. മാന്യതയും കൃത്യതയും സമഗ്രതയുമെല്ലാം ചേർന്നതായിരുന്നു ഈ വൻ വ്യവസായിയുടെ വ്യക്തിത്വം. അസൂയാവഹമായ നേട്ടങ്ങളാണ് ടാറ്റയുടെ തലപ്പത്തിരുന്ന രണ്ട് ദശാബ്ദത്തിലേറെ കാലം ഇദ്ദേഹം സ്വന്തമാക്കിയത്.
സ്റ്റീൽ നിർമാതാക്കളായ കോറസ്, ആഡംബര കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ, ലോകത്തിലെ രണ്ടാമത്തെ വലിയ തേയില കമ്പനിയായ ടെറ്റ്ലി തുടങ്ങിയ കമ്പനികളുമായുള്ള ഡീലുകൾ ശ്രദ്ധേയമായിരുന്നു. ഇദ്ദേഹത്തിന് കീഴിൽ ടാറ്റ ഗ്രൂപ് 70 മടങ്ങ് വളർച്ച നേടി. കഴിഞ്ഞ മാർച്ചിൽ 165 ബില്യൺ ഡോളറായിരുന്നു വരുമാനം.
ഒരു വീട്ടിൽ ആവശ്യമായ ഉപ്പു മുതൽ കാറുകൾ വരെ ടാറ്റയുടെ പേര് പതിഞ്ഞതാണ്. സോഫ്റ്റ്വെയറുകളും സ്റ്റീലുമെല്ലാം ടാറ്റയുടെ കഴിവ് അടയാളപ്പെടുത്തിയവയാണ്. എയർ ഇന്ത്യ വിമാന സർവിസ് ഏറ്റെടുത്ത ടാറ്റ അടുത്തിടെ ചിപ്പ് നിർമാണത്തിലേക്ക് കടന്നിരുന്നു. കുറഞ്ഞ വിലയിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ ലഭിക്കുന്ന ‘സുഡിയോ’ ഷോറൂമുകളാണ് ടാറ്റ ഗ്രൂപ്പിന്റെ പുത്തൻ വിജയ സംരംഭങ്ങളിലൊന്ന്.
വ്യക്തിപരമായ കാര്യങ്ങൾക്ക് അദ്ദേഹം കാര്യമായി പ്രാധാന്യം നൽകിയിരുന്നില്ല. ടാറ്റ സൺസ് കമ്പനിയിൽ 66 ശതമാനം ഓഹരിയുള്ള ടാറ്റ ട്രസ്റ്റിന്റെ തലപ്പത്ത് ആരെത്തുമെന്നതും ചോദ്യമാണ്. രത്തൻ ടാറ്റയുടെ അർധ സഹോദരനായ നോയൽ ടാറ്റ ഈ സ്ഥാനത്തെത്താനാണ് സാധ്യത. ടാറ്റ സ്റ്റീലിന്റെയും വാച്ച് കമ്പനിയായ ടൈറ്റന്റെയും വൈസ് ചെയർമാനാണ് നോയൽ. രത്തൻ ടാറ്റയുടെ രണ്ടാനമ്മ സിമോണിന്റെ മകനാണ് നോയൽ. ട്രെൻഡ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ, ടാറ്റ ഇന്റർനാഷനൽ എന്നിവയുടെ ചെയർമാനാണ് സിമോൺ. രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി കുടുംബ ബിസിനസിലില്ല. കൊളാബയിലെ ചെറിയ അപ്പാർട്മെന്റിലാണ് താമസിക്കുന്നത്.
1937ൽ പരമ്പരാഗത പാഴ്സി കുടുംബത്തിൽ ജനിച്ച രത്തൻ ടാറ്റക്ക് 10 വയസ്സുള്ളപ്പോൾ മാതാപിതാക്കളായ നവലും സൂനി ടാറ്റയും വിവാഹമോചിതരായതിനെത്തുടർന്ന് മുത്തശ്ശിയാണ് വളർത്തിയത്. അക്കാലത്ത് നാണം കുണുങ്ങിയായ രത്തൻ പിയാനോ വായിക്കുമായിരുന്നു. ക്രിക്കറ്റും ഇഷ്ടമായിരുന്നു. യു.എസിലെ കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചറും സ്ട്രക്ചറൽ എൻജിനീയറിങ്ങും പഠിച്ചു.
കാലിഫോർണിയയിൽ സ്ഥിരതാമസമാക്കാൻ രത്തൻ ആഗ്രഹിച്ചിരുന്നുവെങ്കിലും മുത്തശ്ശിയുടെ ആരോഗ്യം മോശമായതിനെ തുടർന്ന് 1962ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു. വേഗമേറിയ കാറുകളോടും വിമാനങ്ങളോടുമുള്ള രത്തൻ ടാറ്റയുടെ ഇഷ്ടം പ്രസിദ്ധമായിരുന്നു. സ്കൂബ ഡൈവിങ് പ്രേമി കൂടിയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം പ്രശസ്തനാണ്. 1970കളിൽതന്നെ ആഗാ ഖാൻ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ കോളജ് പദ്ധതിക്ക് തുടക്കമിട്ടു.
1991ൽ ടാറ്റ സൺസിന്റെ ചെയർമാനായ ശേഷം ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജമായി. മുത്തച്ഛൻ സ്ഥാപിച്ച ടാറ്റ ട്രസ്റ്റുകളെ അദ്ദേഹം സജീവമാക്കി. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് പോലുള്ള സ്ഥാപനങ്ങൾ തുടങ്ങാനും ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ സംരംഭങ്ങൾക്കും രത്തൻ ടാറ്റ പണം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.