bengal repolling

ബംഗാളിൽ വ്യാപക അക്രമം നടന്ന 697 ബൂത്തുകളിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വ്യാപക അക്രമം നടന്ന 697 ബൂത്തുകളിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്. മുർഷിദാബാദ് (175), മാൽഡ (112), നാദിയ (89), നോർത്ത് 24 പാർഗാനാസ് (46), സൗത്ത് 24 പാർഗാനാസ് (36) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ വീണ്ടും വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളുടെ എണ്ണം. കുച്ച്ബിഹാറിലെ 32 ബൂത്തുകളിൽ ഞായറാഴ്ച റീപോളിങ് നടന്നിരുന്നു.

വോട്ടിങ്ങിലെ ക്രമക്കേട്, അക്രമ സംഭവങ്ങൾ തുടങ്ങിയവ നടന്ന ബൂത്തുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞായറാഴ്ച നടന്ന യോഗത്തിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ചിരുന്നു. ഇതേതുടർന്നാണ് അക്രമസംഭവങ്ങളെ തുടർന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റദ്ദാക്കിയ ബൂത്തുകളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ കമീഷൻ തീരുമാനിച്ചത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമ സംഭവങ്ങളാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തത്. ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ, 18 പേർ മരിച്ചതായാണ് രാഷ്ട്രീയ പാർട്ടികൾ അറിയിച്ചത്. ജില്ല മജിസ്ട്രേറ്റുമാരോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കൃത്യമായ കണക്ക് തേടിയിട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ ഒമ്പതു പേർ തൃണമൂൽ പ്രവർത്തകരാണെന്നാണ് പാർട്ടി നേതാക്കൾ അറിയിച്ചത്. കോൺഗ്രസ് -മൂന്ന്, ബി.ജെ.പി -രണ്ട്, സി.പി.എം -രണ്ട്, മറ്റുള്ളവർ -രണ്ട് എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. ത്രിതല പഞ്ചായത്തുകളിലെ 73,887 സീറ്റിലേക്ക് 2.06 ലക്ഷം സ്ഥാനാർഥികളാണ് മത്സരിച്ചത്. 5.67 കോടി വോട്ടർമാരിൽ 66.28 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

Tags:    
News Summary - Repolling started in 697 booths After Bengal Panchayat Polls Hit By Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.