ബനിഹാൾ\ജമ്മു: കശ്മീരിനെ തങ്ങൾക്കൊപ്പം നിലനിർത്തണമെന്ന് കേന്ദ്ര സർക്കാറിന് ആഗ്രഹമുണ്ടെങ്കിൽ 370ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. 'തങ്ങളുടെ വ്യക്തിത്വവും അഭിമാനവും' തിരിച്ചു ലഭിക്കണമെന്നാണ് കശ്മീർ ജനത ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. ബനിഹാളിലെ നീലഗ്രാമത്തിൽ റാലിയെ അഭിസബോധന ചെയ്യുകയായിരുന്നു അവർ.
മഹാത്മാഗാന്ധിയുടെ ഇന്ത്യയിൽ ജമ്മു-കശ്മീർ ജനത അർപ്പിച്ച വിശ്വാസത്തിലൂടെയാണ് അവർക്ക് 370ാം വകുപ്പും സ്വന്തം ഭരണഘടനയും പതാകയും ലഭിച്ചത്. എന്നാൽ, ഗാന്ധി ഘാതകനായ ഗോദ്സെയുടെ ഇന്ത്യയിൽ ജീവിക്കാൻ കശ്മീർ ജനതക്ക് കഴിയില്ല -മഹ്ബൂബ പറഞ്ഞു.
ഭരണഘടന ഉറപ്പു നൽകിയ ജമ്മു-കശ്മീരിെൻറ പ്രത്യേക പദവിയും കശ്മീരികളുടെ വ്യക്തിത്വവും അഭിമാനവും പുനഃസ്ഥാപിക്കുന്നതിന് താൻ നടത്തുന്ന പ്രക്ഷോഭത്തിന് ശക്തിപകരാൻ ഒന്നിച്ചണിനിരക്കണമെന്ന് ജനങ്ങളോട് അവർ ആവശ്യപ്പെട്ടു. തോക്കിെൻറ ശക്തികൊണ്ട് ജനങ്ങളെ ഒരു വൻശക്തിയും ഭരിച്ചതിന് ചരിത്രത്തിൽ തെളിവില്ലെന്നും വടിയും തോക്കുംകെണ്ട് കശ്മീരികളെ അടക്കിനിർത്താൻ കഴിയില്ലെന്നും അവർ പഞ്ഞു. അഫ്ഗാനിസ്താനെ ഭരിക്കുന്നതിൽ പരാജയപ്പെട്ട വൻശക്തിയായ അമേരിക്കക്ക് തോറ്റ് നാടുവിടേണ്ടി വന്നു.
ജമ്മു-കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്താനുമായി ചർച്ചക്ക് സന്നദ്ധമാകണമെന്ന് ഞാൻ പറഞ്ഞപ്പോൾ നമ്മുടെ സ്വന്തം ആളുകളിൽ ചിലർക്കത് അലോസരമുണ്ടാക്കി. എന്നെ വഞ്ചകയും രാജ്യവിരുദ്ധയുമാക്കാനാണ് അവർ ശ്രമിച്ചത്. ഇന്നവർ താലിബാനുമായി ചർച്ച നടത്തുന്നു. ലഡാകിൽ നമ്മുടെ ഭൂമി നിയമവിരുദ്ധമായി കൈയടക്കുകയും അരുണാചലിൽ ഒരു ഗ്രാമംതന്നെ ഉണ്ടാക്കുകയും ചെയ്ത ചൈനയുമായും അവർ ചർച്ച നടത്തുകയാണെന്നും മഹ്ബൂബ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.